തിരുവനന്തപുരം: നാവിൽ നാടിന്റെ മുഴുവൻ രുചികളുമായി കേരളീയം ഭക്ഷ്യമേള നഗരത്തിലെത്തുന്നു. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന മലയാളത്തിന്റെ മഹോത്സവം കേരളീയത്തിന്റെ ഭാഗമായാണ് നാളിതുവരെ കണ്ടിട്ടില്ലാത്ത രുചിമേളം അനന്തപുരിക്ക് വിരുന്നൊരുക്കുന്നത്. 11 വ്യത്യസ്തതരത്തിലുള്ള ഭക്ഷ്യമേളകളാണ് ഒരാഴ്ചക്കാലം നഗരത്തിൽ രുചിലോകം തീർക്കാനെത്തുന്നത്.
Read Also: പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ കള്ളക്കേസുകൾ ചുമത്തുന്നു: ഇത് രാജ്യത്തിന് നല്ലതല്ലെന്ന് കെജ്‌രിവാൾ
തട്ടുകട ഭക്ഷണം മുതൽ പഞ്ചനക്ഷത്രഭക്ഷണം വരെ കേരളീയത്തിലെ സന്ദർശകർക്ക് ആസ്വദിക്കാനാവുന്ന തരത്തിൽ വ്യത്യസ്തയുടെ വിഭവങ്ങളാണ് ഒരുക്കുന്നത്. കേരളത്തിലെ തനത് വിഭവങ്ങൾ അണിനിരത്തിക്കൊണ്ട് കനകക്കുന്നിൽ നടക്കുന്ന ബ്രാൻഡഡ് ഫുഡ് ഫെസ്റ്റിവൽ ആണ് മേളയിലെ പ്രധാന ആകർഷണം. രാമശ്ശേരി ഇഡലി, അമ്പലപ്പുഴ പാൽപ്പായസം, തലശ്ശേരി ദം ബിരിയാണി, അട്ടപ്പാടി വന സുന്ദരി, പൊറോട്ടയും ബീഫും തുടങ്ങി കേരളത്തിന്റെ സവിശേഷമായ ഭക്ഷണങ്ങളെ ബ്രാൻഡ് ചെയ്ത് അവതരിപ്പിക്കുന്ന ബ്രാൻഡഡ് ഫെസ്റ്റിവൽ ഭക്ഷണ പ്രേമികൾക്കു രുചിയുടെ കേരളപ്പെരുമ സമ്മാനിക്കും. എകെജി സെന്റർ മുതൽ സ്‌പെൻസർ ജംഗ്ഷൻ വരെയും സ്‌പെൻസർ ജംഗ്ഷൻ മുതൽ വാൻറോസ് ജംഗ്ഷൻ വരെയുമുള്ള വീഥികളിലെ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റും അതിനൊപ്പം അരങ്ങേറുന്ന തെരുവുകലാവിരുന്നും സവിശേഷ അനുഭവം സമ്മാനിക്കും.
മാനവീയം വീഥിയിൽ കേരളത്തിന്റെ പരമ്പരാഗത ഭക്ഷണങ്ങളുടെയും അടുക്കളയിലെ പഴയകാല വസ്തുക്കളുടെയും പ്രദർശനവുമായി എത്തുന്ന പഴമയുടെ തനിമയാണ് മറ്റൊരു വിരുന്ന്. സെൻട്രൽ സ്റ്റേഡിയത്തിലെ മുഖ്യവേദിയിലാണ് ഫൈവ് സ്റ്റാർ ഫെസ്റ്റിവൽ അരങ്ങേറുക. പട്ടികവർഗ വികസനവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എത്‌നിക് ഭക്ഷ്യമേള, കുടുംബശ്രീ ഭക്ഷ്യമേള, പാലും പാലുൽപ്പന്നങ്ങളും, മത്സ്യവിഭവങ്ങൾ എന്നിവയുടെ ഭക്ഷ്യമേള, സഹകരണവകുപ്പ്, കാറ്ററിംഗ് അസോസിയേഷൻ എന്നിവയുടെ ഭക്ഷ്യമേള, വളർത്തുമൃഗങ്ങൾക്കായുള്ള പെറ്റ് ഫുഡ്‌ഫെസ്റ്റ് എന്നിങ്ങനെ വിവിധ തരം മേളകളാണ് അരങ്ങേറുന്നത്. ഇവയ്ക്കു പുറമേ കനനകക്കുന്നിലെ സൂര്യകാന്തിയിൽ പാചകമത്സരവും വ്‌ളോഗർമാരുമായുള്ള ചർച്ചയും സംഘടിപ്പിക്കും.
Post Your Comments