മഹാരാഷ്ട്ര: നന്ദേഡിലെ ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ നാല് കുട്ടികളുള്‍പ്പെടെ ഏഴു രോഗികൾ കൂടി മരിച്ചു. ആശുപത്രിയിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മരിച്ചവരുടെ എണ്ണം 31 ആയി.
കഴിഞ്ഞ ദിവസം 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 രോഗികളാണ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രി വൈകി ഏഴു രോഗികൾ കൂടി മരിച്ചതോടെ ആകെ മരണം 31 ആയി. മരിച്ച 31 രോഗികളിൽ 16 പേർ കുട്ടികളാണ്. അവശ്യമരുന്നുകളുടെ അഭാവമാണ് രോഗികളുടെ മരണത്തിന് കാരണമെന്നായിരുന്നു ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
എന്നാല്‍, മരുന്നുക്ഷാമം ഇല്ലെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ അവകാശവാദം. മരുന്നുകളുടെയോ ഡോക്ടർമാരുടെയോ ക്ഷാമമില്ലെന്നും ആശുപത്രിയിൽ എത്തിയ രോഗികൾ ഗുരുതരാവസ്ഥയിൽ ആയിരുന്നു എന്നുമാണ് അധികൃതര്‍ പറയുന്നത്. മെഡിക്കൽ നെഗ്ളിജൻസ് ഉണ്ടായിട്ടില്ല. കൃത്യമായ പരിചരണം നൽകിയിട്ടും രോഗികൾ ചികിത്സയോട് പ്രതികരിച്ചില്ലെന്നും ആശുപത്രി ഡീൻ ഡോ. ശ്യാംറാവു വാക്കോട് പറഞ്ഞു. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.
Post Your Comments