ന്യൂഡല്‍ഹി: പുതുതായി നിര്‍മ്മിച്ച അര്‍ബന്‍ എക്സ്റ്റന്‍ഷന്‍ റോഡ് (യുഇആര്‍) 2 ഉടന്‍ തുറക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇതോടെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ കുണ്ഡ്‌ലിയില്‍ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 3-ലേക്കുള്ള യാത്രാ സമയം 20 മിനിറ്റായി കുറയുമെന്നും ഗഡ്കരി പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ യുഇആര്‍ 2 പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ ഇന്ത്യന്‍ സമൂഹവുമായുള്ള ആശയവിനിമയത്തിനിടെയാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. ‘ഐജിടി ടി-3 വിമാനത്താവളത്തിലേക്കുള്ള യാത്രാ സമയം ഇതോടെ രണ്ട് മണിക്കൂറിന് പകരം 20 മിനിറ്റായി കുറയും. കൂടാതെ ഐജിഐ വിമാനത്താവളത്തിന്റെ ടി3 യിലേക്ക് എയര്‍സ്ട്രിപ്പിലൂടെ കടന്നുപോകുന്ന മറ്റൊരു ടണല്‍ റോഡും ഉണ്ടാക്കിയിട്ടുണ്ട്.
‘ഡല്‍ഹിയിലേക്ക് വരുമ്പോള്‍, പാനിപ്പത്ത് കഴിഞ്ഞ് ഒരു പെരിഫറല്‍ റിംഗ് റോഡുണ്ട്. അതിനു ശേഷം ഡല്‍ഹിയില്‍ യുഇആര്‍ 2 എന്ന പേരില്‍ പുതിയ ഒരു റിംഗ് റോഡും നിര്‍മ്മിച്ചിട്ടുണ്ട്. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഇത് തുറക്കും. ഈ റോഡിന്റെ നിര്‍മ്മാണം കഴിഞ്ഞാല്‍ രണ്ട് മണിക്കൂറിന് പകരം 20 മിനിറ്റിനുള്ളില്‍ ടി-3 വിമാനത്താവളത്തില്‍ എത്തിച്ചേരാനാകും. എയര്‍സ്ട്രിപ്പിന് താഴെ നിന്ന് ടി- 3 യെ ബന്ധിപ്പിക്കുന്ന ശിവമൂര്‍ത്തി ജംഗ്ഷനില്‍ ഒരു വലിയ തുരങ്കവും നിര്‍മ്മിച്ചിട്ടുണ്ട്.’- ഗഡ്കരി പറഞ്ഞു.
യുഇആര്‍ 2 രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് അര്‍ബന്‍ എക്സ്പ്രസ് വേയായിരിക്കും, ഇത് ഡല്‍ഹിക്കും ഗുരുഗ്രാമിനുമിടയിലുള്ള ഗതാഗത പ്രശ്നം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 9,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഡിസംബറിന് മുമ്പ് എക്‌സ്പ്രസ് വേ തുറക്കുമെന്ന് മേയില്‍ ഗഡ്കരി പറഞ്ഞിരുന്നു.
Post Your Comments