വ്യവസ്ഥകൾ പാലിക്കാത്തതിനെത്തുടർന്ന് രാജ്യത്തെ മൂന്ന് സഹകരണ ബാങ്കുകൾക്കെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മുംബൈയിലെ സരസ്വത് കോ-ഓപ്പറേറ്റീവ് ബാങ്ക്, രാജ്കോട്ട് നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ്, വസായ്-ബാസെയ്ൻ കാത്തലിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീ 3 ബാങ്കുകൾക്കാണ് റിസർവ് ബാങ്ക് കനത്ത പിഴ ചുമത്തിയിരിക്കുന്നത്. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരവും, റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരവും അനുസരിച്ചാണ് നടപടി ശക്തമാക്കിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് എസ്ബിഐ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തിയതിന് പിന്നാലെയാണ് പുതിയ നടപടി.
ബാങ്കിംഗ് റെഗുലേഷൻ ആക്ട് സെക്ഷൻ 20(1)(b)(iii) വകുപ്പ് 56 പ്രകാരം, ഡയറക്ടർമാർക്കുള്ള വായ്പകളും അഡ്വാൻസും സംബന്ധിച്ച ആർബിഐയുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് സരസ്വത് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 23 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ബാങ്കിംഗ് റെഗുലേഷൻ ആക്ട് സെക്ഷൻ 20, സെക്ഷൻ 56 എന്നിവയ്ക്കൊപ്പം, ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് വസായ്-ബാസെയ്ൻ കാത്തലിക് കോ-ഓപ്പറേറ്റീവ് ബാങ്കിന് 25 ലക്ഷം രൂപയാണ് പിഴ. ബാങ്കിംഗ് റെഗുലേഷൻ ആക്ട് സെക്ഷൻ 46(4)(i), 56 എന്നിവ പ്രകാരമാണ് രാജ്കോട്ട് നാഗരിക് സഹകാരി ബാങ്കിന് പിഴ ചുമത്തിയത്.
Post Your Comments