Latest NewsNewsIndia

‘ഇന്ത്യൻ സർക്കാരിന്റെ പിന്തുണയില്ല’: ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാൻ എംബസി

ന്യൂഡൽഹി: രാജ്യത്തിന്റെ താൽപ്പര്യങ്ങൾ നിറവേറ്റാനുള്ള കഴിവില്ലായ്മയും ജീവനക്കാരുടെയും വിഭവങ്ങളുടെയും കുറവും ചൂണ്ടിക്കാട്ടി ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രവർത്തനം നിർത്തിവച്ചു. എംബസിയുടെ നിയന്ത്രണം ഒരു കെയർടേക്കർ പദവിയിൽ ഇന്ത്യ ഏറ്റെടുക്കുമെന്ന് എംബസിയുടെ പ്രസ്താവനയിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താലിബാൻ അട്ടിമറിച്ച് രണ്ട് വർഷത്തിന് ശേഷമാണ് പ്രഖ്യാപനം.

ഇന്ത്യ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നില്ലെങ്കിലും, 2021 ൽ കാബൂളിൽ നിന്ന് പലായനം ചെയ്ത മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി നിയമിച്ച അംബാസഡറുടെയും മിഷൻ സ്റ്റാഫിന്റെയും കീഴിൽ പ്രവർത്തനം തുടരാൻ അഫ്ഗാൻ എംബസിയെ അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. ഈ വർഷമാദ്യം, മാമുൻഡ്‌സായിയെ മാറ്റി താലിബാൻ ദൗത്യത്തിന്റെ തലവനായി ചുമതലയേറ്റവരെ എംബസിയിൽ നിയമിച്ചുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, അധികാരത്തർക്കത്തിൽ എംബസിയിൽ പിളർപ്പ് ഉണ്ടാവുകയായിരുന്നു. ഇതോടെ, നേതൃസ്ഥാനത്ത് മാറ്റമില്ലെന്ന പ്രസ്താവനയുമായി എംബസി രംഗത്തെത്തി.

2020 മുതൽ എംബസിയിൽ ട്രേഡ് കൗൺസിലറായി ജോലി ചെയ്യുന്ന ഖാദിർ ഷാ, തന്നെ താലിബാൻ എംബസിയിലെ ചാർജ് ഡി അഫയറായി നിയമിച്ചതായി അവകാശപ്പെട്ട് ഏപ്രിൽ അവസാനം എം‌ഇ‌എയ്ക്ക് കത്തെഴുതിയിരുന്നു. ഇതിനെ തുടർന്നാണ് അധികാരത്തിനായുള്ള തർക്കം പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ എംബസി ജീവനക്കാർക്കിടയിലുള്ള ‘ആഭ്യന്തര കലഹങ്ങളെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ വ്യക്തമായി നിരാകരിക്കുന്നു’ എന്നായിരുന്നു എംബസിയുടെ അടച്ചുപൂട്ടൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യൻ സർക്കാരിന്റെ പിന്തുണയില്ലെന്ന് അഫ്ഗാനിസ്ഥാൻ എംബസി പ്രസ്താവനയിൽ ആരോപിച്ചു. ഇത് തങ്ങളുടെ കർത്തവ്യങ്ങൾ കാര്യക്ഷമമായി നിർവഹിക്കാനുള്ള തങ്ങളുടെ കഴിവിന് തടസ്സമായെന്ന് അവർ അവകാശപ്പെട്ടു. ആതിഥേയ സർക്കാരിൽ നിന്നുള്ള നിർണായക പിന്തുണയുടെ അഭാവം എംബസിക്ക് അനുഭവപ്പെട്ടുവെന്നും, ഇത് ഞങ്ങളുടെ ചുമതലകൾ ഫലപ്രദമായി നിർവഹിക്കാനുള്ള ഞങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തി എന്നും എംബസിയുടെ പ്രസ്താവനയിൽ പറയുന്നു.

അഫ്ഗാനിസ്ഥാന്റെയും പൗരന്മാരുടെയും മികച്ച താൽപ്പര്യങ്ങൾ നിറവേറ്റുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്ന് എംബസി സമ്മതിച്ചു. ഇത് കൂടാതെ, അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കാരണം ഉദ്യോഗസ്ഥരിലും വിഭവങ്ങളിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും ഇത് അവർക്ക് പ്രവർത്തനം തുടരുന്നത് വെല്ലുവിളിയാണെന്നും അഫ്ഗാൻ എംബസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button