ഇന്ത്യയിലെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ. ഉപഭോക്താക്കളുടെ ഫോണിലേക്ക് ഭൂകമ്പ മുന്നറിയിപ്പ് ലഭിക്കുന്ന ഫീച്ചറിനാണ് ഗൂഗിൾ രൂപം നൽകിയിരിക്കുന്നത്. ഫോണിലെ സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ സംവിധാനം നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, നാഷണൽ സീസ്മോളജി സെന്റർ എന്നിവരുമായി സഹകരിച്ചാണ് വികസിപ്പിച്ചിട്ടുള്ളത്. റിക്ടർ സ്കെയിലിൽ 4.5-നു മുകളിൽ തീവ്രതയുള്ള ഭൂകമ്പ മുന്നറിയിപ്പാണ് ഫോണിൽ ലഭിക്കുക.
രാജ്യത്തെ ഭൂകമ്പ സാധ്യതയുള്ള മേഖലകളിൽ പ്രാദേശിക ഭാഷയിൽ തന്നെയാണ് മുന്നറിയിപ്പ് സന്ദേശം ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് എത്തുക. ഇതിനോടൊപ്പം സുരക്ഷയ്ക്കായി എന്താണ് ചെയ്യേണ്ടതെന്ന നിർദ്ദേശവും സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഫോൺ സൈലന്റ് മോഡിൽ ആണെങ്കിൽ പോലും, ഉച്ചത്തിലുള്ള ശബ്ദവും സുരക്ഷാ നടപടികൾക്കുള്ള നിർദ്ദേശവും ഉപഭോക്താക്കൾക്ക് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലാണ് ഫീച്ചറിന്റെ ക്രമീകരണം.
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾ സെറ്റിംഗ്സിലെ സേഫ്റ്റി ആൻഡ് എമർജൻസി ഓപ്ഷനിൽ നിന്നും എർത്ത്ക്വെയ്ക്ക് അലേർട്ട് ഓൺ ചെയ്താൽ ഈ മുന്നറിയിപ്പ് സംവിധാനം പ്രവർത്തനക്ഷമമാകും. ഭൂകമ്പ തരംഗങ്ങൾ രൂപപ്പെടുമ്പോൾ തന്നെ ഉപഭോക്താക്കൾക്ക് സന്ദേശം എത്തുന്നതാണ്. ഭൂകമ്പത്തിന്റെ തീവ്രത അനുസരിച്ച്, അലേർട്ടുകളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്.
Post Your Comments