
കൊച്ചി: ഗൂഗിള്‍ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് ഡോക്ടര്‍മാര്‍ മരിച്ച സംഭവത്തിന് പിന്നിലെ വില്ലന്‍ ഗൂഗിള്‍ മാപ്പിന്റെ തെറ്റായ വിവരം. എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്തില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. അദ്വൈതിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത് വരുമ്പോഴായിരുന്നു അപകടം. കൊച്ചിയില്‍ നിന്നും മടങ്ങി വരുന്നതിനിടെ റൈറ്റിലേക്കാണ് പോകേണ്ടിയിരുന്നത്, എന്നാല്‍ ഗൂഗിള്‍മാപ്പ് ലെഫ്റ്റിലേക്ക് വഴികാണിച്ചെന്നും അങ്ങോട്ട് തിരിഞ്ഞപ്പോഴാണ് അപകടമുണ്ടായതെന്നും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നു.
കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്.
കൊച്ചിയില്‍ നിന്ന് വടക്കന്‍ പറവൂരില്‍ വന്ന് മൂത്തുകുന്നം വഴിയാണ് കൊടുങ്ങല്ലൂരിലേക്ക് പോവുക. അപകടം നടന്ന ഗോതുരുത്തില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകണമെങ്കില്‍ വലതുവശത്തേക്കാണ് പോകേണ്ടത്. എന്നാല്‍ ഗൂഗിള്‍ മാപ്പില്‍ ഇടതുവശത്തേക്ക് വഴി കാണിച്ചുവെന്നാണ് പറയുന്നത്.
ഈ വഴിയിലൂടെ കാര്‍ വേഗതയിലെത്തി പുഴയിലേക്ക് മറിയുകയായിരുന്നു. വെള്ളക്കെട്ടാണെന്ന് കരുതിയാണ് കാര്‍ മുന്നോട്ടെടുത്തത്. എന്നാല്‍ കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. പുഴയുടെ നടുഭാഗത്തായിരുന്നു കാറുണ്ടായിരുന്നത്. മൂന്നുപേര്‍ പുഴയിലും രണ്ടുപേര്‍ കാറിനുള്ളിലുമായിരുന്നു. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മൂന്നുപേരെ രക്ഷപ്പെടുത്തിയത്. കാറിനുള്ളില്‍പെട്ടവരാണ് മരണത്തിന് കീഴടങ്ങിയത്. കാര്‍ പുറത്തെടുക്കാന്‍ ഒന്നരമണിക്കൂറോളം എടുത്തു.
Post Your Comments