തിരുവനന്തപുരം: സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വി ഡി സതീശൻ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത് പ്രാഥമിക സഹകരണ ബാങ്കുകളുടെ സഹായത്തോടെ പ്രത്യേക പാക്കേജുണ്ടാക്കാനാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ തീരുമാനം നിക്ഷേപകരുടെ താൽപര്യം മുൻനിർത്തിയുള്ളതാണെങ്കിൽ അതിനെ യുഡിഎഫ് സ്വാഗതം ചെയ്യും. പക്ഷേ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ ആർക്കെങ്കിലും സംശയം തോന്നിയാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. കരുവന്നൂർ പാക്കേജിലൂടെ സിപിഎമ്മും സർക്കാരും ലക്ഷ്യമിടുന്നത് ബാങ്ക് കൊള്ളയ്ക്ക് നേതൃത്വം നൽകിയ ഉന്നത സിപിഎം നേതാക്കളെ രക്ഷപ്പെടുത്തുക മാത്രമാണെന്ന് വി ഡി സതീശൻ ആരോപിച്ചു.
കരുവന്നൂരിൽ മാത്രമല്ല നിക്ഷേപകർ കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ കണ്ടലയിലും മുട്ടത്തറയിലും തൃശൂരിലെ അയ്യന്തോളിലും ഉൾപ്പെടെ നൂറുകണക്കിന് നിക്ഷേപകർ വേറെയുമുണ്ട്. നിക്ഷേപകരെ സംരക്ഷിക്കലാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ ഈ ബാങ്കുകളിലും പാക്കേജ് നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരള ബാങ്കിനെ അന്നത്തെ പ്രതിപക്ഷം എതിർത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ എൽഡിഎഫിന് മനസിലാകുന്നുണ്ടാകും. കേരളത്തിലെ സഹകരണ മേഖലയെ ആർബിഐയുടെ കക്ഷത്തിൽ തിരുകി വയ്ക്കുകയാണ് ഇടതു സർക്കാർ ചെയ്തത്. അല്ലായിരുന്നുവെങ്കിൽ ജില്ലാ ബാങ്കുകൾക്ക് പ്രാഥമിക സംഘങ്ങളെ സാമ്പത്തികമായി സഹായിക്കാൻ കഴിയുമായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ 272 സഹകരണ സംഘങ്ങളിൽ ക്രമക്കേട് കണ്ടെത്തിയെന്ന തരത്തിൽ സഹകരണ രജിസ്ട്രാറുടെ പേരിൽ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് ശുദ്ധ തട്ടിപ്പാണ്. കരുവന്നൂരിൽ മുഖം നഷ്ടപ്പെട്ട സർക്കാരിനെ രക്ഷിക്കാൻ സഹകരണ മന്ത്രിയുടെ കാർമ്മികത്വത്തിൽ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ ക്യാപ്‌സ്യൂളാണിതെന്ന് അദ്ദേഹം ആരോപിച്ചു.
ആരോപണങ്ങളും അതിൻമേൽ അന്വേഷണങ്ങളും നേരിടുന്ന സഹകരണവകുപ്പിലെ മന്ത്രിയുടെ വിശ്വസ്തനാണ് ഈ വ്യാജ റിപ്പോർട്ട് തയാറാക്കിയതെന്നാണ് തങ്ങളുടെ അറിവ്. വ്യാജ റിപ്പോർട്ടിനെ കുറിച്ചും ഇത് തയ്യാറാക്കിയവരെ കുറിച്ചും അന്വേഷണം വേണം. സഹകരണ രജിസ്ട്രാറുടെ പേരിൽ മാധ്യമങ്ങൾക്ക് നൽകിയ മൂന്ന് പേജുള്ള ഈ റിപ്പോർട്ടിന് ഒരു വിശ്വാസ്യതയുമില്ല. നിയമസഭയിൽ സഹകരണ മന്ത്രി നൽകിയ മറുപടിക്ക് കടകവിരുദ്ധമാണ് റിപ്പോർട്ടിലെ വിവരങ്ങളെന്ന് മന്ത്രിയെങ്കിലും മനസിലാക്കുന്നത് നന്നായിരിക്കുമെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
Read Also: വനിതാ ഡോക്ടർ മരിച്ച നിലയിൽ: വീട്ടിൽ നിന്നും സിറിഞ്ചും മരുന്നുകളും കണ്ടെത്തി
Post Your Comments