Latest NewsKeralaNews

മൊയ്തീനും കണ്ണനുമാണോ സുരേഷ് ഗോപിക്ക് വഴിയൊരുക്കുന്നത്; കൈകള്‍ ശുദ്ധമെങ്കില്‍ എന്തിന് ഭയം?: ഗോവിന്ദനോട് ബി.ജെ.പി

തിരുവനന്തപുരം: കരുവന്നൂരില്‍ തട്ടിപ്പിന് ഇരയായവരുടെ പരാതിയിലാണ് ഇ.ഡി അന്വേഷണം നടത്തുന്നതെന്ന് സി.പി.എമ്മിനെ ഓർമിപ്പിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ബി.ജെ.പിയുടെ പരാതിയിലല്ല അന്വേഷണമെന്നും അദ്ദേഹം പരിഹസിക്കുന്നു. തൃശൂരില്‍ ഇ.ഡി സുരേഷ് ഗോപിക്ക് വഴിയൊരുക്കുകയാണെന്ന എം.വി ഗോവിന്ദന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദേഹം.

‘എ.സി മൊയ്തീനും എം.കെ കണ്ണനുമൊക്കെയാണോ സുരേഷ് ഗോപിക്ക് വഴിയൊരുക്കുന്നതെന്ന് ഗോവിന്ദന്‍ വ്യക്തമാക്കണം. സുരേഷ് ഗോപി നയിക്കുന്ന പദയാത്രയില്‍ സി.പി.എം അണികള്‍ പോലും പങ്കെടുക്കുമെന്ന തിരിച്ചറിവാണ് എം.വി ഗോവിന്ദനെ ഭയപ്പെടുത്തുന്നത്. നിങ്ങളുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്?’, രമേശ് ചോദിച്ചു.

ലോകസഭയിലേക്ക് സുരേഷ് ഗോപി മത്സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കിയാണ് നാളെ പദയാത്ര നടത്തുന്നതെന്നും ഒരു ബാങ്കില്‍നിന്ന് മറ്റൊരു ബാങ്കിലേക്ക് ബി.ജെ.പി എന്തിനാണ് പദയാത്ര നടത്തുന്നതെന്നും ഗോവിന്ദന്‍ ചോദിച്ചിരുന്നു. കേരളത്തിന്റെ സഹകരണ മേഖലയെ എങ്ങനെ തകര്‍ക്കാമെന്നാണ് ഇ.ഡി നോക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന്റെ ഉയര്‍ന്ന നേതാക്കളെ തുറങ്കിലടക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു അനുവദിക്കാനാവില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പാര്‍ട്ടിക്കുമെതിരെ വലിയ രീതിയിലുള്ള കടന്നാക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആരോപിച്ചു.

‘പാര്‍ട്ടിക്കെതിരായ മാധ്യമ വേട്ട അനുദിനം വര്‍ധിച്ചുവരികയാണ്. മാധ്യമ വേട്ടയ്ക്ക് ഒപ്പം നില്‍ക്കുകയാണ് ഇഡി. പ്രതിപക്ഷ വേട്ടയ്ക്ക് പിന്നില്‍ ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അറുപിന്തിരിപ്പന്‍ ആശയത്തിന് വേണ്ടിയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്’, എം.വി ഗോവിന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button