KeralaLatest NewsNews

പലഹാര നിർമ്മാണ യൂണിറ്റിൽ രാത്രികാലങ്ങളിൽ ശബ്ദമുണ്ടാക്കുന്ന യന്ത്രങ്ങൾ പ്രവർത്തിപ്പിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: പലഹാര നിർമ്മാണ യൂണിറ്റിൽ രാത്രികാലങ്ങളിൽ മിക്‌സി, ഗ്രൈൻഡർ മുതലായ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഉത്തരവ് അവഗണിച്ച് രാത്രികാലങ്ങളിൽ പ്രവർത്തിപ്പിച്ചാൽ പരിശോധിച്ച് ബോദ്ധ്യപ്പെട്ടശേഷം സ്ഥാപനത്തിനെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് പിണറായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

തന്റെ വീടിന്റെ ഒന്നരമീറ്റർ മാറി മാത്രം പ്രവർത്തിക്കുന്ന പലഹാര നിർമ്മാണ യൂണിറ്റ് കാരണം രാത്രി കാലങ്ങളിൽ ഉറക്കം നഷ്ടപ്പെടുകയാണെന്നാരോപിച്ച് പിണറായി പടന്നക്കര സ്വദേശി എം. രാധ സമർപ്പിച്ച പരാതി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്.

പിണറായി പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പരാതി വാസ്തവമാണെന്ന് പറയുന്നു. രണ്ടു മുറികളുള്ള കെട്ടിടത്തിൽ ഒരു മുറിയിലാണ് ഗ്രൈൻഡറും മിക്‌സിയും പ്രവർത്തിപ്പിക്കുന്നത്. രണ്ടാമത്തെ മുറി അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ക്രമവൽക്കരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്നാൽ പലഹാര യൂണിറ്റ് രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് എതിർകക്ഷി കമ്മീഷനെ അറിയിച്ചു. തന്റെയും തൊഴിലാളികളുടെയും ജീവനോപാധി തടയാനുള്ള ദുരുദ്ദേശ്യമാണ് പരാതിക്ക് പിന്നിലെന്ന് എതിർകക്ഷി അറിയിച്ചു. എന്നാൽ രാത്രി കാലങ്ങളിൽ ശബ്ദമുണ്ടാക്കുന്ന യന്ത്രങ്ങൾ ഉപയോഗിക്കില്ലെന്ന് എതിർകക്ഷി കമ്മീഷൻ മുമ്പാകെ ഉറപ്പുനൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button