സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസം ഡ്രൈ ഡേ. ഒക്ടോബർ 1, 2 തീയതികളിലാണ് ഡ്രൈ ഡേ. ഇതോടെ, ഈ രണ്ട് ദിവസങ്ങളിലും ബാറുകളും ബെവ്കോ ഔട്ട്‌ലെറ്റുകളും തുറക്കുകയില്ല. നാളെ ഒന്നാം തീയതി ആയതിനാലും, മറ്റന്നാൾ ഗാന്ധിജയന്തി ആയതിനാലുമാണ് ഡ്രൈ ഡേ. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ രണ്ട് ദിവസം ഡ്രൈ ഡേ ഉണ്ടായിരുന്നു.
ഓഗസ്റ്റ് 31ന് ഗുരുജയന്തിയും, സെപ്റ്റംബർ ഒന്നാം തീയതിയും ആയതിനെ തുടർന്നാണ് കഴിഞ്ഞ മാസം രണ്ട് ദിവസം ഡ്രൈ ഡേ ഉണ്ടായത്. അതേസമയം, ഓണക്കാലത്തെ മദ്യ വിൽപ്പനയുടെ കണക്കുകൾ ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് 21 മുതൽ 30 വരെയുള്ള കാലയളവിൽ 759 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. ഇതിലൂടെ നികുതി ഇനത്തിൽ സർക്കാറിന് 675 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതൽ മദ്യ വിൽപ്പന രേഖപ്പെടുത്തിയത്. ഉത്രാട ദിവസം മാത്രം 121 കോടി രൂപയുടെ മദ്യം വിറ്റഴിച്ചിട്ടുണ്ട്.
Also Read: സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു: അറിയിപ്പുമായി ഗതാഗത മന്ത്രി
Post Your Comments