ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ട് ദിവസം നീണ്ട നഷ്ടത്തിനാണ് ഇന്ന് ആഭ്യന്തര സൂചികകൾ വിരാമമിട്ടത്. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ ചാഞ്ചാട്ടം ശക്തമായിരുന്നെങ്കിലും , പിന്നീട് നേട്ടത്തിലേക്ക് കുതിക്കുകയായിരുന്നു. ആഗോള വിപണിയിലെ അനിശ്ചിതത്വം നേരിയ തോതിൽ ഇല്ലാതായത് നേട്ടത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. ബിഎസ്ഇ സെൻസെക്സ് 173.22 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 66,118.69-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 51.75 പോയിന്റ് നേട്ടത്തിൽ 19,716.45-ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ബിഎസ്ഇയിൽ ഇന്ന് 2,008 ഓഹരികൾ നേട്ടത്തിലും, 1,640 ഓഹരികൾ നഷ്ടത്തിലും, 151 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം പൂർത്തിയാക്കി. ബിഎസ്ഇയുടെ മൊത്തം നിക്ഷേപക മൂല്യം 1.53 ലക്ഷം കോടി രൂപ വർദ്ധിച്ച് 319.68 ലക്ഷം കോടി രൂപയിൽ എത്തിയിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എൽ ആൻഡ് ടി, മാരുതി സുസുക്കി, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിന് നേതൃത്വം നൽകിയ മുൻനിര ഓഹരികൾ. അതേസമയം, ടൈറ്റൻ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, വേദാന്ത, ട്യൂബ് ഇൻവെസ്റ്റ്മെന്റ്സ്, ഗുജറാത്ത് ഗ്യാസ്, ജെഎസ്ഡബ്ല്യു എനർജി, ട്രെന്റ് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
Also Read: കേരളീയം രാഷ്ട്രീയ പരിപാടിയല്ല: പ്രതിപക്ഷത്തിന് സങ്കുചിത മനോഭാവമെന്ന് മുഖ്യമന്ത്രി
Post Your Comments