ഡ്രീം 11, മറ്റ് ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ എന്നിവയിൽ നിന്നും 55,000 കോടി രൂപ നികുതി ആവശ്യപ്പെട്ട് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ജിഎസ്‌ടി ഇന്റലിജൻസ് (DGGI). ഏകദേശം 55,000 കോടി രൂപയുടെ ചരക്ക് സേവന നികുതി കുടിശ്ശിക സംബന്ധിച്ച് DGGI ഈ കമ്പനികൾക്ക് നോട്ടീസ് അയച്ചതായി റിപ്പോർട്ട്. ഫാന്റസി സ്‌പോർട്‌സ് പ്ലാറ്റ്‌ഫോമായ ഡ്രീം11-ന് 40,000 കോടി രൂപയുടെ ജിഎസ്‌ടി ആണ് അടയ്‌ക്കേണ്ടത്. വരും ആഴ്‌ചകളിൽ കൂടുതൽ കമ്പനികൾക്ക് ഇത് സംബന്ധിച്ചുള്ള നോട്ടീസ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ആർഎംജി കമ്പനികളിൽ നിന്ന് ഡിജിജിഐ ഉയർത്തിയ മൊത്തം ജിഎസ്‌ടി ഡിമാൻഡ് ഒരു ലക്ഷം കോടി രൂപയിലെത്തുമെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകൾ പറഞ്ഞു.
DRC-01 A ഫോം മുഖേന അടയ്‌ക്കേണ്ട നികുതിയുടെ വിഷാദ വിവരം അധികാരികൾ അതാത് കമ്പനികൾക്ക് നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. ജിഎസ്ടിയുടെ ഭാഷയിൽ പ്രീ-ഷോ കോസ് നോട്ടീസ് എന്നാണ് ഈ നോട്ടീസിനെ വിശേഷിപ്പിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതിന് മുൻപായി നൽകുന്നതാണ് ഈ നോട്ടീസ്. പ്രി-ഷോ കോസ് നോട്ടീസ് നൽകിയവരിൽ Play Games24x7 ഉം അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെടുന്നു.
ഡ്രീം11, ഹെഡ് ഡിജിറ്റൽ വർക്ക്സ് തുടങ്ങി നോട്ടീസ് ലഭിച്ച കമ്പനികൾ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ഒന്നും നൽകിയിട്ടില്ല. വ്യവസായ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഡ്രീം 11 തങ്ങൾക്ക് ലഭിച്ച പ്രീ-ഷോ കോസ് നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഹർഷ് ജെയിൻ നേതൃത്വം നൽകുന്ന ഡ്രീം11, നികുതി അധികാരികളുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായി നിയമനടപടി സ്വീകരിക്കുകയാണ്. ചരക്ക് സേവന നികുതി (ജിഎസ്ടി) വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് ഈ നോട്ടീസ്.
മണികൺട്രോളിന്റെ റിപ്പോർട്ട് അനുസരിച്ച്, സ്റ്റാർട്ടപ്പിന്റെ മാതൃ കമ്പനിയായ ഡ്രീം സ്പോർട്സ് ബോംബെ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. GST ഒഴിവാക്കുകയും വാതുവെപ്പുകളുടെ നാമമാത്രമായ മൂല്യത്തിൽ 28% GST നൽകുന്നതിൽ പരാജയപ്പെടുകയും ചെയ്തതായി ആരോപിച്ച് അധികാരികൾ നൽകിയ കാരണം കാണിക്കൽ നോട്ടീസിനെ എതിർക്കാനാണ് ഈ ഹർജി ലക്ഷ്യമിടുന്നത്. ഡ്രീം 11 നെതിരെയുള്ള നികുതി ആരോപണങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് സ്ഥിരീകരിച്ചാൽ, ഇന്ത്യയിലെ നികുതി വെട്ടിപ്പിനെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായിരിക്കും ഇത്.
Post Your Comments