തിരുവനന്തപുരം: അടുത്ത മാസം മുതൽ സംസ്ഥാനത്ത് വിദേശ നിർമിത വിദേശ മദ്യത്തിന്റെ വില കുത്തനെ ഉയരും. 12 ശതമാനം വരെ വില വർധനയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ മൂന്നിന് പുതിയ വില പ്രാബല്യത്തിൽ വരും. ബെവ്കോ ലാഭവിഹിതം ഉയർത്തിയതാണ് വില വർധനയ്ക്ക് കാരണം. ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിതരണം ചെയ്യുന്ന കമ്പനികളുടെ ദീർഘകാല ആവശ്യം നടപ്പിലാകുന്നതോടെ 2,500 രൂപയിൽ താഴെയുള്ള വിദേശ മദ്യ ബ്രാൻഡ് ഉണ്ടാകില്ല.
മദ്യകമ്പനികൾ നൽകേണ്ട വെയർഹൗസ് മാർജിൻ 5 ശതമാനത്തിൽ നിന്നും 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും ഉയർത്താനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ബെവ്കോയുടെ ശുപാർശ പ്രകാരമാണിത്. പിന്നീട് വെയർഹൗസ് മാർജിൻ 14 ശതമാനമാക്കിയെങ്കിലും ഷോപ്പ് മാർജിനിൽ മാറ്റം വരുത്താൻ ബവ്കോ ഭരണസമിതി യോഗം തയ്യാറായില്ല.
നിലവിൽ ഇന്ത്യൻ നിർമിത വിദേശമദ്യം വിൽക്കുമ്പോൾ വെയർഹൗസ് മാർജിനായി 9 ശതമാനവും ഷോപ്പ് മാർജിനായി 20 ശതമാനവും ബെവ്കോയ്ക്ക് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് വിദേശനിർമ്മിത വിദേശ മദ്യത്തിന്റെ മാർജിൻ ഉയർത്തിയത്. ഷോപ്പ് മാർജിൻ 20 ശതമാനമാക്കിയിരുന്നുവെങ്കിൽ ഒരു കുപ്പിക്ക് 26 ശതമാനം വരെ വില ഉയരുമായിരുന്നു. എന്നാൽ സംസ്ഥാനത്ത് ആകെ വിൽക്കുന്ന മദ്യത്തിന്റെ 0.25 ശതമാനം മാത്രമാണ് വിദേശനിർമ്മിത വിദേശമദ്യം.
Post Your Comments