ഷാരോൺ വധക്കേസിലെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികൾ ഹെെക്കോടതിയെ സമീപിച്ചതോടെയാണ് പാറശാല ഷാരോൺ കൊലക്കേസ് വീണ്ടും ചർച്ചകളിൽ നിറയുന്നത്. മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കാനായാണ് കാമുകനായിരുന്ന ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയത്. ഷാരോണിന്റെ മരണത്തിന് പിന്നാലെ യുവാവിന്റെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ കൊടും ക്രൂരത പുറംലോകം അറിയുന്നത്. അതേസമയം, ഗ്രീഷ്മ കുറ്റം സമ്മതിച്ചതിന് പിന്നാലെ യുവതിയുടെ കുടുംബം തകർച്ചയുടെ പടുകുഴിയിലേക്കാണ് വീണിരിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഹോട്ടൽ ജോലിക്കാരൻ ആയ ഗ്രീഷ്മയുടെ പിതാവ് ഇപ്പോൾ ജോലിക്ക് പോകുന്നില്ല. ഷാരോൺ വധക്കേസിൽ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും ഗ്രീഷ്മയുടെ മാതൃസഹോദരൻ നിർമല കുമാരൻ നായർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ജാമ്യം ലഭിച്ചെങ്കിലും ഇവർ ഇപ്പോഴും വീടിന് പുറത്തിറങ്ങാതെ കഴിയുകയാണ്. കേസ് സംബന്ധമായി കോടതിയിൽ ഒന്ന് രണ്ട് തവണ പോയത് ഒഴിച്ചാൽ മറ്റൊരു കാര്യത്തിനും ഇവർ വീടിന് പുറത്തിറങ്ങാറില്ല. മാത്രമല്ല നാട്ടുകാരോ ബന്ധുക്കളോ ആയി ആരും വീട്ടിലേക്ക് ചെല്ലാറുമില്ലെന്നും നാട്ടുകാർ പറയുന്നു.
കേസിൽ ഗ്രീഷ്മ അറസ്റ്റിലായതോടെ പിതാവിനും മറ്റു ബന്ധുക്കൾക്കും വീടിനു പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഗ്രീഷ്മ അറസ്റ്റിലായി ദിവസങ്ങൾ കഴിഞ്ഞ് കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോഴേക്കും കുടുംബം പൂർണമായും തകർന്ന അവസ്ഥയിലാണ്. ഗ്രീഷ്മയും കുടുംബവും താമസിക്കുന്ന തമിഴ്നാടിൻ്റെ ഭാഗമായ പ്രദേശത്ത് കുടുംബത്തിന് നേരത്തെ നല്ല പേരായിരുന്നു. എന്നാൽ കൊലക്കേസിൽ ഉൾപ്പെട്ടതോടെ നാട്ടുകാർ വളരെ പരിഹാസ രീതിയിലാണ് ഇവരെ കാണുന്നതു തന്നെ. അതുകൊണ്ടാണ് കുടുംബാംഗങ്ങൾ ഇപ്പോൾ പുറത്തിറങ്ങി നാട്ടുകാർക്ക് മുഖം നൽകാൻ മടി കാണിക്കുന്നതെന്നുള്ള റിപ്പോർട്ടുകളാണ് നാട്ടുകാരുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 14 നായിരുന്നു തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽവച്ച് ഗ്രീഷ്മയുടെ കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. തുടർന്ന് ഷാരോണിന് ശാരീരികാസ്വാസ്ഥ്യം നേരിടുകയും തിരുവനന്തപുരത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ദിവസങ്ങളോളം മരണത്തോട് പൊരുതി ഷാരോൺ ആശുപത്രിയിൽ കഴിയുകയും, ഒടുവിൽ ഒക്ടോബർ 25ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു. എന്നാൽ കാമുകിയായിരുന്ന ഗ്രീഷ്മയ്ക്ക് എതിരെ ഷാരോൺ ഒരു വാക്കുപോലും മരണമൊഴിയിൽ പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഷാരോണിൻ്റെ മരണമൊഴിയിൽ പോലും പൊലീസ് ഗ്രീഷ്മയെ സംശയിച്ചിരുന്നതുമില്ല.
ആദ്യം പാറശ്ശാല പൊലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലെത്തിയ കേസിൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മ വിഷം കൊടുത്തതാണെന്ന് തെളിഞ്ഞത്. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കുന്നതിനായിയാണ് ഗ്രീഷ്മ വളരെ ആസൂത്രിതമായി കൊലപാതകം നടപ്പാക്കിയത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പൊലീസ് കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതി ചേർത്തത്.
മുൻപേതന്നെ ഷാരോണുമായി പ്രണയത്തിലായിരുന്നു ഗ്രീഷ്മ. അതിനിടയിൽ ഗ്രീഷ്മയ്ക്ക് ഉയർന്ന സാമ്പത്തിക നിലയുള്ള സൈനികൻ്റെ വിവാഹാലോചന വന്നിരുന്നു. ഇതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഷാരോൺ ബന്ധത്തിൽ നിന്ന് പിൻമാറാൻ തയ്യാറായില്ല. ഇതോടെയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സംഭവദിവസം ഗ്രീഷ്മ ഷാരോണുമായി സെക്സ് ചാറ്റ് ചെയ്തിരുന്നു. സെക്സ് ചാറ്റിൻ്റെ അവസാനം ഷാരോണിനെ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നത്. സെക്സ് ചാറ്റിൻ്റേയും ഷാരോണിനെ ക്ഷണിച്ചുകൊണ്ടുള്ള ചാറ്റിൻ്റെയും തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഷാരോൺ വീട്ടിലെത്തിയപ്പോൾ തളരാതിരിക്കാൻ എന്നു പറഞ്ഞ് നേരത്തെ കീടനാശിനി കലർത്തി വച്ചിരുന്ന കഷായം ഒരു ഗ്ലാസ് ഷാരോണിനെ കൊണ്ട് കുടിപ്പിക്കുകയായിരുന്നു. കഷായം കുടിച്ച ഷാരോൺ ഛർദ്ദിച്ച് അവശനായാണ് വീടിനു പുറത്തേക്ക് വന്നത്. ഷാരോണിനെ പുറത്തുകാത്ത് നിന്ന സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
Post Your Comments