ആഭ്യന്തര വ്യോമയാന മേഖലയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. കോവിഡ് കാലയളവിൽ നേരിയ തോതിൽ നിറം മങ്ങിയെങ്കിലും, ചുരുങ്ങിയ കാലയളവിനുള്ളിൽ കോവിഡിന് മുൻപത്തെ നിലയിലേക്ക് എത്തിച്ചേരാൻ ആഭ്യന്തര വ്യോമയാന മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ 11.90 കോടി യാത്രക്കാരാണ് ആഭ്യന്തര വിമാന യാത്ര നടത്തിയിട്ടുള്ളത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ 38.27 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഈ വർഷം ഓഗസ്റ്റ് മാസത്തിൽ മാത്രം 1.48 കോടി യാത്രക്കാർ ആഭ്യന്തര യാത്ര നടത്തിയിട്ടുണ്ട്. ഇതോടെ, ഓഗസ്റ്റിലെ പ്രതിമാസ വളർച്ചാ നിരക്ക് 23.13 ശതമാനമായാണ് ഉയർന്നത്. അതേസമയം, ഓഗസ്റ്റിൽ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര എയർലൈനുകളുടെ മൊത്തത്തിലുള്ള റദ്ദാക്കൽ നിരക്ക് വെറും 0.65 ശതമാനമായിരുന്നു. ആഭ്യന്തര യാത്രക്കാരുടെ ഈ ഗണ്യമായ വളർച്ച കോവിഡ് ഉയർത്തിയ വെല്ലുവിളികളിൽ നിന്നുള്ള പ്രതിരോധത്തെയും വീണ്ടെടുപ്പിനെയുമാണ് സൂചിപ്പിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
Post Your Comments