Latest NewsKeralaNews

പ്രസംഗത്തിനിടെ അനൗൺസ്മെന്റ് തടസം: പിണങ്ങി ഇറങ്ങിപ്പോയതല്ല, വിശദീകരിച്ച് മുഖ്യമന്ത്രി

കാസർകോട്: ബേഡഡുക്ക സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ അനൗൺസ്മെന്റ് തടസം നേരിട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. എന്നാൽ, സംഭവത്തിൽ കുപിതനായി ഇറങ്ങിപ്പോയതല്ല താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുന്നു. പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

‘താൻ പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ല. എനിക്കുണ്ടായ ബുധിമുട്ട് പറയുക മാത്രമാണ് ചെയ്തത്. പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടിയാണ്’ മുഖ്യമന്ത്രി കാസർകോട് പ്രതികരിച്ചു. കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന് ശേഷം തുടർന്ന് സംസാരിക്കുന്നതിന് മുൻപ് തന്നെ കെട്ടിട നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരുടെ പേര് പറഞ്ഞുകൊണ്ട് അനൗൺസ്മെന്റ് ഉയർന്നു. ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിന് മുന്നിൽ നിന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു.

ബേഡഡുക്ക കാസർകോട് ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ബാങ്കിന്റെ കെട്ടിട ഉദ്ഘാടന ചടങ്ങിനാണ് അദ്ദേഹം എത്തിയത്. സഹകരണ മേഖലയിലെ കേന്ദ്ര സർക്കാർ ഇടപെടലിനെയും കരുവന്നൂർ ബാങ്കിലടക്കം നടക്കുന്ന ഇഡി പരിശോധനയെയും പരോക്ഷമായി വിമർശിച്ചാണ് വേദിയിൽ മുഖ്യമന്ത്രി സംസാരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button