ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ ട്രെയിനിൽ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുഖ്യപ്രതി അനീസ് ഖാനാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഇയാളുടെ രണ്ട് സഹായികൾക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 30നായിരുന്നു കേസിന് ആസ്പദമായ സംഭവം. അയോധ്യയ്ക്ക് സമീപം സരയൂ എക്സ്പ്രസിൽ വച്ചാണ് വനിതാ കോൺസ്റ്റബിളിനെ പ്രതികൾ ആക്രമിച്ചത്. മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച നിലയില്‍ കണ്ടെത്തിയ ഇവർ ഇപ്പോൾ ലഖ്നൗ ആശുപത്രിയിൽ ചികിത്സയിലാണ്.
അനീസ് ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്. പ്രതിയുടെ ഒളിത്താവളം കണ്ടെത്തിയ അയോധ്യ പൊലീസും പ്രത്യേക ദൗത്യസേനയും പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പ്രതികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് അയോധ്യ സീനിയർ പൊലീസ് സൂപ്രണ്ട് രാജ് കരൺ നയ്യാർ പറഞ്ഞു.
പൊലീസ് തിരിച്ചടിച്ചതോടെ മൂന്ന് പേർക്ക് വെടിയേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അനീസ് ഖാൻ മരിച്ചു. പരുക്കേറ്റ ആസാദ്, വിഷംഭർ ദയാൽ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അയോധ്യ പൊലീസ് അറിയിച്ചു. ഓപ്പറേഷനിൽ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്.
Post Your Comments