Latest NewsKeralaNews

4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു; താനൂര്‍ കസ്റ്റഡി മരണത്തില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്താണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. എറണാകുളം ചീഫ് ജുഢീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ജിനേഷ്, ആല്‍വിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവര്‍ പ്രതികളാണ്. ഇവര്‍ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളാണ്.

അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി റോണക് കുമാറാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് നിലവില്‍ പ്രതിചേര്‍ത്തത്. കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്ന് സിബിഐ പറഞ്ഞു.

ആഗസ്റ്റ് 1ന് പുലര്‍ച്ചെ താമിര്‍ ജിഫ്രിയെ ലഹരിമരുന്ന് കൈവശം വച്ചതിന് കസ്റ്റഡിയില്‍ എടുത്തെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. താനൂര്‍ ദേവധാര്‍ മേല്‍പാലത്തിനു സമീപത്തു വച്ച് പുലര്‍ച്ചെ 1.45നാണ് താമിര്‍ ജിഫ്രി അടങ്ങുന്ന അഞ്ചംഗ സംഘത്തെ 18.5 ഗ്രാം എംഡിഎംഎയുമായി കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷനിലെത്തിച്ച താമിര്‍ ജിഫ്രി പുലര്‍ച്ചെ 4.30ഓടെ കുഴഞ്ഞ് വീണെന്നും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നുമായിരുന്നുആദ്യഘട്ടത്തില്‍ പൊലീസിന്റെ നിലപാട്. താമിര്‍ ജിഫ്രി നേരത്തെയും ലഹരി മരുന്ന് കേസില്‍ പ്രതിയായിരുന്നെന്നും മൂന്നോളം കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.

പൊലീസ് വാദങ്ങള്‍ കളവാണെന്ന് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി വെളിപ്പെടുത്തിയതോടെയാണ് കസ്റ്റഡി മരണത്തിലെ ദുരൂഹതകള്‍ ചര്‍ച്ചയാകുന്നത്. താമിറിനെ കസ്റ്റഡിയില്‍ എടുത്തത് താനൂരില്‍ നിന്നല്ല ചേളാരിയിൽ നിന്നാണെന്ന നിര്‍ണ്ണായക വിവരം ഹാരിസ് ജിഫ്രി വെളിപ്പെടുത്തി. താമിറിനെതെിരെ മുന്‍പ് ലഹരിക്കേസുകള്‍ ഉണ്ടായിരുന്നില്ലെന്നും സഹോദരന്‍ പറഞ്ഞിരുന്നു. താമിറിന്റെ മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെന്നും ശരീരത്തില്‍ വസ്ത്രങ്ങള്‍ ഇല്ലായിരുന്നെന്നുമുള്ള സഹോദരന്റെ വെളിപ്പെടുത്തല്‍ മരണത്തിലെ ദുരൂഹത ഉറപ്പിക്കുന്ന വെളിപ്പെടുത്തലുകളായി മാറി. സഹോദരന്റെ മരണവിവരം പൊലീസ് അറിയിച്ചത് വളരെ വൈകിയാണെന്നും ഹാരിസ് ജിഫ്രി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button