തൃശൂര്‍: കണ്ണൂര്‍ ലോബിയാണ് തൃശൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകളിലെ തട്ടിപ്പിനു പിന്നിലെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ജയരാജന്‍ ഉള്‍പ്പെടുന്നവരാണ് ഈ ലോബിയിൽ ഉൾപ്പെടുന്നതെന്നും തൃശൂരില്‍ എത്തിയതോടെയാണ് ഇവിടത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ നാശം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യമെന്നത് സി.പി.എമ്മിന്റെ കൊള്ളയില്‍നിന്നും സഹകരണ ബാങ്കുകളെ സംരക്ഷിക്കുക എന്നതാണ് അബ്ദുള്ളകുട്ടി തൃശ്ശൂരിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് പോലെ സഹകരണമേഖലയെ തകര്‍ക്കാനല്ല കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊള്ളക്കാരുടെ കൈയില്‍നിന്നും സംരക്ഷിക്കാനാണ്. സഹകരണ ബാങ്കുകളില്‍ സി.പി.എം. നടത്തുന്ന തട്ടിപ്പും വെട്ടിപ്പും പുറത്ത് വരുമെന്ന ഭയം മൂലമാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കെവൈസി നിയമം നടപ്പിലാക്കാത്തതെന്നും ഇപ്പോള്‍ നടക്കുന്ന ഇ.ഡി. അന്വേഷണത്തെ ഭയക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.
സഹകരണ ബാങ്കുകളെ ആര്‍.ബി.ഐയുടെ കീഴില്‍ കൊണ്ടുവരണമെന്നും കെവൈസി നിയമം നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എമ്മിന് കക്കാനും നിക്കാനും അറിയാം. അണികളെ ചാവേറുകളാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ചാവേറുകള്‍ നേതാക്കളെ എന്നും സംരക്ഷിക്കും. ഇവര്‍ സത്യം തുറന്ന് പറഞ്ഞാല്‍ കണ്ണൂരിലെ പല കൊലപാതകങ്ങളിലും പ്രതികളാകുന്നത് നേതാക്കളായിരിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കേരളത്തെ പിടിച്ചുലച്ച സ്വര്‍ണക്കടത്തു കേസിലെ ഐ.എ.എസ്. ചാവേറാണ് ശിവശങ്കരന്‍. അയാള്‍ സത്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ അകത്താകുന്നത് മുഖ്യമന്ത്രിയായിരിക്കുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, മധ്യമേഖല പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണന്‍, സംസ്ഥാന കമ്മിറ്റിയംഗം ബി. രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Post Your Comments