ഒഡീഷയിലെ പുരിയിലേക്കുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ ഇന്ന് പൂർത്തിയാക്കും. പുതിയ വന്ദേ ഭാരത് എക്സ്പ്രസ് പുരിക്കും, റൂർക്കേലയ്ക്കും ഇടയിലാണ് സർവീസ് നടത്തുക. ഇന്ന് രാവിലെ 5:00 മണിക്ക് പുരിയിൽ നിന്നും പുറപ്പെട്ട പുരി-റൂർക്കേല വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 12:45 ഓടെ റൂർക്കേലയിൽ എത്തിച്ചേരുന്ന തരത്തിലാണ് ട്രയൽ റൺ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മടക്കയാത്ര ഉച്ചയ്ക്ക് 2:10 പുറപ്പെടുകയും, രാത്രി 9:40 ഓടെ പുരിയിൽ എത്തിച്ചേരുന്നതുമാണ്. ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയാൽ, സെപ്റ്റംബർ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുരി-റൂർക്കേല വന്ദേ ഭാരത് എക്സ്പ്രസിന്റെ ഔദ്യോഗിക ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.
മണിക്കൂറിൽ 63.33 കിലോമീറ്റർ മുതൽ 65.15 കിലോമീറ്റർ വരെ വേഗതയിലാണ് വന്ദേ ഭാരത് സഞ്ചരിക്കുക. ഏകദേശം 505 കിലോമീറ്റർ ദൂരമാണ് പുരിക്കും റൂർക്കേലയ്ക്കും ഇടയിലുള്ളത്. പ്രധാന സ്റ്റേഷനുകളായ ഭുവനേശ്വർ, കട്ടക്, അംഗുൽ, കേരെജംഗ, സംബൽപൂർ, ജാർസുഗുഡ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഭുവനേശ്വർ ഒഴികെയുള്ള മറ്റെല്ലാ സ്റ്റേഷനുകളിലും 2 മിനിറ്റ് വരെ മാത്രമാണ് ട്രെയിൻ നിർത്തുകയുള്ളൂ. അതേസമയം, ഭുവനേശ്വർ സ്റ്റേഷനിൽ 5 മിനിറ്റ് ട്രെയിൻ നിർത്തുന്നതാണ്. ശനിയാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും.
Post Your Comments