കണ്ണൂര്‍: ജാതി വിവേചനം നേരിടേണ്ടി വന്നെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ വിവാദ വെളിപ്പെടുത്തലിനു പിന്നാലെ വിശദീകരണവുമായി ക്ഷേത്രം മേല്‍ശാന്തി രംഗത്ത് എത്തി. പയ്യന്നൂര്‍ നമ്പ്യാത്രക്കൊവ്വല്‍ ശിവക്ഷേത്രത്തില്‍ ചുറ്റു നടപ്പന്തല്‍ ഉദ്ഘാടനം പൂജയുടെ സമയത്തായത് കൊണ്ടാണ് മന്ത്രിക്ക് നല്‍കേണ്ട വിളക്ക് താഴെ വച്ചുകൊടുക്കേണ്ടി വന്നതെന്ന് ക്ഷേത്രം മേല്‍ശാന്തി പേര്‍ക്കുളം സുബ്രഹ്മണ്യന്‍ നമ്പൂതിരി പറഞ്ഞു. വിവാദമുണ്ടായതിനുശേഷം ക്ഷേത്രത്തിന്റെ ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണമാണ്.
ആ ഒരു സമയത്ത് ഏതൊരു ശാന്തിക്കാരനും അങ്ങനെ മാത്രമേ ചെയ്യാന്‍ കഴിയുവെന്നും മേല്‍ശാന്തി കൂട്ടിച്ചേര്‍ത്തു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നാല് മണിക്കെത്താമെന്ന് പറഞ്ഞ മന്ത്രി വരാന്‍ വൈകിയതോടെയാണ് വിളക്ക് താഴെ വച്ചുകൊടുക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലാതെ ജാതി വ്യവസ്ഥയുടെ പ്രശ്‌നമൊന്നും അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുന്‍പും ഇത്തരത്തിലുള്ള ഉദ്ഘാടനങ്ങളും മറ്റ് ചടങ്ങുകളും നടന്നിട്ടുണ്ടെന്നും അന്നൊക്കെ ഇങ്ങനെ തന്നെയാണ് ചെയ്തതെന്നും മേല്‍ശാന്തി പറഞ്ഞു. എന്നാല്‍ അപ്പോഴൊന്നും ഇത്തരം വിവാദങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതില്‍ മന്ത്രിക്ക് മനോവിഷമം ഉണ്ടായെങ്കില്‍ അതില്‍ ഞങ്ങള്‍ക്കും വിഷമമുണ്ടെന്നും സുബ്രഹ്മണ്യന്‍ നമ്പൂതിരി പറഞ്ഞു.
Post Your Comments