തിരുവനന്തപുരം: കേരളത്തിലേക്ക് 40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനി. സുപ്രീം ഡെകോർ എന്ന സ്ഥാപനമാണ് കേരളത്തിൽ നിക്ഷേപം നടത്തുന്നത്. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ഉന്നതനിലവാരത്തിലുള്ള പാർടിക്കിൾ ബോർഡുകൾ നിർമ്മിച്ചുനൽകുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള സുപ്രീം ഡെകോർ പാർട്ടിക്കിൾ ബോർഡ് കാസർഗോഡാണ് മാനുഫാക്ചറിങ്ങ് യൂണിറ്റ് ആരംഭിക്കുന്നത്.
കേരളത്തിലെ പുതിയ വ്യവസായ നയവും കാസർഗോഡ് ലഭ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കണ്ടറിഞ്ഞ ശേഷമാണ് സുപ്രീം ഡെകോർ കേരളത്തിലെത്തുന്നത്. ആദ്യഘട്ടത്തിൽ 5 ഏക്കർ ഭൂമിയാണ് സുപ്രീം ഡെകോറിനായി അനുവദിച്ചിരുന്നത്. ഈ സ്ഥലത്ത് വളരെ വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും പദ്ധതി അതിവേഗം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തതോടെയാണ് കാസർഗോഡിന് മുതൽക്കൂട്ടാകുന്ന സംരംഭത്തിന് 5 ഏക്കർ കൂടി ഭൂമി വീണ്ടും അനുവദിച്ചത്. പൂർണമായും പ്രവർത്തനക്ഷമമാകുമ്പോൾ 40 കോടി രൂപയുടെ നിക്ഷേപവും പ്രത്യക്ഷത്തിൽ 350 പേർക്കും പരോക്ഷമായി 400 പേർക്കും തൊഴിൽ ലഭ്യമാക്കുന്ന ഈ മാനുഫാക്ചറിങ്ങ് യൂണിറ്റ് കാസർഗോഡിൽ കഴിഞ്ഞ ദിവസം ആരംഭിച്ച 13 വ്യവസായ സ്ഥാപനങ്ങളിലൊന്നാണ്. ഉന്നത നിലവാരത്തിലുള്ള പാർട്ടിക്കിൾ ബോർഡുകൾ ലഭ്യമാകുന്നതോടെ ഓഫീസ് ടേബിൾ, കിച്ചൺ ക്യാബിനറ്റുകൾ തുടങ്ങിയവ നിർമ്മിച്ചു നൽകുന്ന മറ്റ് വ്യവസായങ്ങളും കേരളത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Read Also: തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കം: സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
Post Your Comments