ഡൽഹി: വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസാക്കി. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ രണ്ട് എം.പിമാർ മാത്രം ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ. ‘നാരി ശക്തി വന്ദൻ അധീന്യം’ എന്ന പേര് നൽകിയ ബിൽ ചൊവ്വാഴ്ചയാണ് സർക്കാർ അവതരിപ്പിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ലാണ് ഇത്.
സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലെത്തിയിരുന്നു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും. ഭരണഘടനയുടെ 128–ാം ഭേദഗതിയാണിത്. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. വനിതാ സംവരണ ബിൽ ആദരവിന്റെ അടയാളവും പുതിയ യുഗത്തിന്റെ തുടക്കവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വനിതാ സംവരണം നടപ്പാക്കാൻ മണ്ഡലപുനർനിർണയം അനിവാര്യമെന്ന് നിയമമന്ത്രി പറഞ്ഞു.
നയരൂപീകരണത്തിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം പ്രാപ്തമാക്കാൻ ശ്രമിക്കുന്നതാണ് ബിൽ. ബുധനാഴ്ച ലോക്സഭയിൽ ബില്ലിന്മേലുള്ള ചർച്ച നടന്നു. ബില്ലിനെ പിന്തുണച്ച കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, ഒബിസി സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തണമെന്നും സംവരണം ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
Post Your Comments