നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. പതിനാറുകാരിയായ മീരയുടെ ആത്മഹത്യ കോളിവുഡിനെ ഒന്നാകെ ഞെട്ടിച്ചു. രണ്ട് പെണ്‍മക്കളാണ് വിജയ് ആന്‍റണി-ഫാത്തിമ ദമ്പതികള്‍ക്ക്. അതില്‍ മൂത്തയാളാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ മീര. പോസ്റ്റ്മോര്‍ട്ടം അടക്കം നടത്തി കഴിഞ്ഞ ദിവസം വൈകീട്ടാണ് മീരയുടെ ശരീരം ബന്ധുക്കള്‍ക്ക് കൈമാറിയത്.
പിന്നാലെ ആള്‍വാര്‍പേട്ടിലെ വിജയ് ആന്‍റണിയുടെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. വിജയ് ആന്‍റണിക്ക് ആശ്വാസമേകാൻ തമിഴ് സിനിമാ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും വിജയ് ആന്റണിയുടെ വീട്ടില്‍ എത്തിയിരുന്നു. മകളുടെ ചേതനയറ്റ ശരീരത്തിൽ വീണ് കെട്ടിപ്പിടിച്ച് കരയുന്ന ഫാത്തിമയുടെയും വിജയ് ആന്റണിയുടെയും ദൃശ്യങ്ങൾ ആരുടേയും കണ്ണ് നനയിപ്പിക്കുന്നതായിരുന്നു. ‘ഞാൻ നിന്നെ ഗർഭപാത്രത്തിൽ വഹിച്ചു, നിനക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു’, കണ്ണീരോടെ ഫാത്തിമ പറഞ്ഞു. മകളെ നഷ്ടപ്പെട്ട ഒരമ്മയെ ആശ്വസിപ്പിക്കാൻ കൂടെ നിന്നവർക്കാർക്കും കഴിഞ്ഞിരുന്നില്ല.
മൃതദേഹത്തില്‍ വീണ് പൊട്ടിക്കരയുന്ന വിജയ് ആന്‍റണിയുടെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. ചിമ്പു അടക്കമുള്ളവര്‍ വിജയ് ആന്‍റണിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. നടൻ വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖർ, ഉദയനിധി സ്റ്റാലിൻ, കാർത്തി തുടങ്ങി ചെന്നൈയില്‍ ഉണ്ടായിരുന്ന തമിഴ് സിനിമ ലോകത്തെ പ്രമുഖര്‍ എല്ലാം വിജയ് ആന്‍റണിയെ ആശ്വസിപ്പിക്കാന്‍ എത്തിയിരുന്നു.
Post Your Comments