Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഏറ്റുമാനൂരിൽ ലോക്കല്‍ പൊലീസ് കളളക്കേസ് ചുമത്തിയെന്ന പരാതിയുമായി ക്രൈബ്രാഞ്ച് സിഐ: അന്വേഷിക്കാൻ വൈക്കം എഎസ്പി

കോട്ടയം: ഏറ്റുമാനൂരിൽ ലോക്കല്‍ പൊലീസ് കളളക്കേസ് ചുമത്തിയെന്ന ആരോപിച്ച് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍. സംഭവത്തില്‍ പരാതിയുമായി ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. നടുറോഡില്‍ അക്രമി സംഘത്തില്‍ നിന്ന് മര്‍ദനമേറ്റിട്ടും രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി ലോക്കല്‍ പൊലീസ് കളളക്കേസ് എടുത്തെന്നാണ് ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്‍റെ പരാതി.

എന്നാൽ, ഭർത്താവിനൊപ്പം ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയ യുവതിയുടെ വീഡിയോ ചിത്രീകരിക്കാൻ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവച്ചതെന്ന് ലോക്കൽ പൊലീസും വാദിക്കുന്നു. സംഭവം വിവാദമായതോടെ ജില്ലാ പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചു.

ഈ മാസം എട്ടാം തിയതി ഏറ്റുമാനൂര്‍ നഗരത്തിലെ ഹോട്ടലിനു മുന്നില്‍ വച്ച് ജിസ് തോമസ് എന്ന ഓട്ടോ ഡ്രൈവറെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ഗോപകുമാറിനു നേരെ അക്രമി സംഘം പായുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങാനെത്തിയ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറും ഭാര്യയ്ക്കും മകനുമൊപ്പം സ്കൂട്ടറില്‍ എത്തിയ ചുവന്ന ഉടുപ്പിട്ട യുവാവും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തര്‍ക്കം ചിത്രീകരിക്കാന്‍ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ ശ്രമിക്കുന്നതിനിടെ യുവാവിന്‍റെ ഭാര്യ ഗോപകുമാറിന്‍റെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതും വ്യക്തമാണ്.

പിന്നീട് യുവാവും ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറും തമ്മില്‍ ഉന്തും തളളും ഉണ്ടായി. ഇതിനിടയിലാണ് ഇവിടെയെത്തിയ ഓട്ടോ ഡ്രൈവര്‍ പ്രശ്നത്തില്‍ ഇടപെടുന്നത്. ഈ സമയം മറ്റൊരു വാഹനത്തില്‍ സ്ഥലത്തെത്തിയ യുവാവിന്‍റെ സുഹൃത്തുക്കള്‍ ഓട്ടോ ഡ്രൈവര്‍ ജിസ് തോമസിനെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഗോപകുമാറിനെയും സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തിനെതിരെ പിറ്റേന്ന് തന്നെ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഉന്നത ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇടപെട്ട് ഈ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുണ്ട്. ഇന്‍സ്പെക്ടര്‍ പരാതി പിന്‍വലിക്കാതെ വന്നതോടെ ദിവസങ്ങള്‍ക്കു ശേഷം ഇന്‍സ്പെക്ടറെ മര്‍ദിച്ച യുവാവിന്‍റെ ഭാര്യയുടെ മൊഴി എടുത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസ് എടുക്കുകയായിരുന്നെന്നാണ് ആരോപണം. ഭരണകക്ഷിയിലെ പ്രമുഖ നേതാവിന്‍റെ ബന്ധുവായ യുവാവിനെ രക്ഷിക്കാനാണ് സ്വന്തം സേനയിലെ ഉദ്യോഗസ്ഥനെ തന്നെ ജാമ്യമില്ലാ വകുപ്പു പ്രകാരമുളള കേസില്‍ പൊലീസ് കുടുക്കിയതെന്നും ആക്ഷേപമുണ്ട്.

എന്നാല്‍, യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തതെന്ന് ഏറ്റുമാനൂര്‍ പൊലീസ് വിശദീകരിച്ചു. ഇന്‍സ്പെക്ടറെ മര്‍ദിച്ചവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മര്‍ദനമേറ്റ ഓട്ടോ ഡ്രൈവറും മുമ്പ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button