അമൃത്സർ: പഞ്ചാബിലെ മോഗ ജില്ലയിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി ഖാലിസ്ഥാൻ ഭീകരർ. ബൽജീന്ദർ സിംഗ് ബല്ലി എന്ന കോൺഗ്രസ് നേതാവാണ് കൊല്ലപ്പെട്ടത്. അക്രമികൾ വീടിനുള്ളിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിട്ടുണ്ട്.
ബൈക്കിലെത്തിയ രണ്ട് പേരാണ് കൊലപാതകം നടത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ബല്ലയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ, കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാനി ഭീകരൻ അർഷ് ദല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സമൂഹമാധ്യമത്തിലാണ് ഇയാൾ ഇത് സംബന്ധിച്ചുള്ള കുറിപ്പ് പങ്കുവച്ചത്.
എൻഐഎ തിരയുന്ന തീവ്രവാദി പട്ടികയിൽ ഉൾപ്പെട്ട ആളാണ് അർഷ് ദല്ല. കഴിഞ്ഞ നാല് വർഷമായി ഇയാൾ കാനഡയിൽ സ്ഥിരതാമസമാണ്. പഞ്ചാബിൽ നടന്ന നിരവധി കൊലപാതകകേസുകളിൽ അടക്കം പ്രതിയാണ് ഇയാൾ. ബൽജീന്ദർ സിംഗ് ബല്ലി തന്റെ ഭാവി നശിപ്പിച്ചെന്നും തന്നെ ഒരു ഗുണ്ടയാകാൻ നിർബന്ധിച്ചു എന്നുമാണ് ഇയാൾ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നത്. ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് ഗുജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന ആരോപണം ജസ്റ്റിൻ ട്രൂഡോ ഉയർത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം.
Post Your Comments