രാജ്യത്തെ അറ്റ പ്രത്യക്ഷ നികുതി സമാഹരണത്തിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ ഒന്നിനും സെപ്റ്റംബർ 16-നും ഇടയിൽ രാജ്യത്തെ അറ്റ പ്രത്യക്ഷ നികുതി സമാഹരണം 8.65 ലക്ഷം കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. വാർഷികാടിസ്ഥാനത്തിൽ 23.5 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, നികുതി പിരിവിൽ 4.47 ലക്ഷം കോടി രൂപയുടെ വ്യക്തിഗത ആദായനികുതിയും, 4.16 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് നികുതിയുമാണ് ഉൾപ്പെട്ടിരിക്കുന്നത്. കൂടാതെ, ഇക്കാലയളവിൽ 1.22 ലക്ഷം കോടി രൂപയുടെ നികുതി റീഫണ്ടുകൾ സർക്കാർ ഇഷ്യു ചെയ്തിട്ടുണ്ട്.
റീഫണ്ടുകൾ ക്രമീകരിക്കുന്നത് മുൻപ് ശേഖരിച്ച മൊത്തം നികുതി 9.87 ലക്ഷം കോടി രൂപയായിരുന്നു. ഈ കാറ്റഗറിയിൽ 18.3 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കോർപ്പറേറ്റ് നികുതി, എക്സൈസ് തീരുവ പിരിവ് എന്നിവയിൽ 26 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നടപ്പ് സാമ്പത്തിക വർഷം അറ്റ പ്രത്യക്ഷ നികുതിയിൽ നിന്ന് 33.61 ലക്ഷം കോടി രൂപ കൈവരിക്കുക എന്നതാണ് ധനമന്ത്രാലയത്തിന്റെ ലക്ഷ്യം. ഒരു വ്യക്തിയോ സ്ഥാപനമോ നേരിട്ട് വാർഷികാടിസ്ഥാനത്തിൽ സർക്കാരിലേക്ക് അടയ്ക്കുന്ന നികുതിയാണ് പ്രത്യക്ഷ നികുതി.
Also Read: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എസി മൊയ്തീന് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല
Post Your Comments