ബറേലി: യുപിയിലെ ബറേലിയിൽ ക്ഷേത്രത്തിനുള്ളില്‍ നിസ്‌കരിച്ചതിന് അമ്മയേയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയോടെ ബറേലിയിലെ പുരാതന ശിവക്ഷേത്രത്തിലാണ് ഇരുവരും നിസ്‌കാരം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സജ്‌ന (45) മകളായ സബീന (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിനുള്ളില്‍ നിസ്‌കാരം നടത്താന്‍ ഇവരോട് നിര്‍ദ്ദേശിച്ച ഒരു മൗലവിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മത പാഠശാലയിലെ അധ്യാപകനായ ചമന്‍ ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് സജ്‌നയും സബീനയും കേസര്‍പൂര്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ എത്തിയത്. തുടർന്ന്, ഇവര്‍ മറ്റുള്ളവര്‍ നോക്കിനില്‍ക്കെ നിസ്‌കരിക്കാന്‍ ആരംഭിച്ചു. ഇത് കണ്ട് നിന്ന ചിലര്‍ ഇവരെ എതിര്‍ത്തു. എന്നാല്‍ ആളുകളുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ക്ഷേത്രപരിസരത്ത് ഇവര്‍ നിസ്‌കരിച്ചത്. ക്ഷേത്രപരിസരത്ത് നിസ്‌കരിക്കുന്നത് ജീവിതത്തില്‍ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാക്കുമെന്നായിരുന്നു ചമന്‍ ഷാ ഇവരോട് പറഞ്ഞിരുന്നത്.
‘മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ഗൂഢാലോചന, മതവികാരത്തെ വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് ജീവിക്കുന്ന ഗ്രാമമാണിത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്,’ഭൂട്ട പോലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് രാജേഷ് കുമാര്‍ മിശ്ര പറഞ്ഞു.
Post Your Comments