വീറും വാശിയും നിറഞ്ഞ മത്സരമാണ് കേരളത്തിന്റെ സ്വന്തം വള്ളംകളി. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ദൃശ്യ വിരുന്നാണ് വർഷം തോറും നടക്കുന്ന വള്ളംകളി. വിനോദസഞ്ചാരികളെ നമ്മുടെ നാട്ടിലേക്ക് ഏറെ ആകർഷിക്കുന്ന ഒന്നുകൂടിയാണിത്. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കാറുള്ളത്.
പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും ഇതിനായി ഉപയോഗിച്ചുവരുന്നു. ഇവയിൽ പ്രധാനം ചുണ്ടൻ തന്നെ. ചുരുളൻ വള്ളം, ഇരുട്ടുകുത്തി വള്ളം, വെപ്പു വള്ളം (വൈപ്പുവള്ളം), വടക്കന്നോടി വള്ളം, കൊച്ചുവള്ളം എന്നിവയും ഉപയോഗിച്ചുവരുന്നു. വള്ളം കളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ വള്ളപ്പാട്ടുകൾ പാടും. പള്ളിയോടങ്ങളുടെ അമരച്ചാർത്തും നടുവിലായുള്ള മുത്തുക്കുടയും കൊടി ചാമരങ്ങളും ചേർന്ന മനോഹരമായ കാഴ്ചയാണ് വള്ളംകളി നൽകുന്നത്.
വള്ളംകളിയുടെ ചരിത്രം
കായംകുളം, ചെമ്പകശ്ശേരി, തെക്കുംകൂർ, വടക്കുംകൂർ തുടങ്ങിയ നാട്ടു രാജ്യങ്ങളുടെ നാവികപ്പടയുമായി ബന്ധപ്പെട്ടാണ് ഇന്ന് കാണുന്ന വള്ളം കളിയുടെ ചരിത്രമുള്ളത്. വള്ളങ്ങളിൽ പ്രത്യേക പട തന്നെയുണ്ടായിരുന്നു ഓരോ നാട്ടു രാജ്യങ്ങൾക്കും. അയൽ നാട്ടുരാജ്യവുമായി കൊമ്പ് കോർക്കാൻ പാകത്തിൽ പരിശീലനം നടത്തുക പതിവായിരുന്നു. ഇത്തരം പരിശീലനങ്ങൾ പിന്നീട് മത്സര സ്വഭാവത്തിലേക്ക് മാറുകയും ചെയ്തു. നാട്ടു രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായാണ് ഏറെ പ്രശസ്തമായ ചുണ്ടൻ വള്ളം ഉണ്ടായതും.
നെഹ്റു ട്രോഫി വള്ളംകളി
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നായ നെഹ്റു ട്രോഫി ജലമേള അരനൂറ്റാണ്ട് പിന്നിട്ടു. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവത്തിന് ഒട്ടനവധി മറുനാടൻ വിനോദസഞ്ചാരികളാണ് എത്താറ്. നെഹ്റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി അരങ്ങേറുക.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് അന്നത്തെ സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ വള്ളംകളി മത്സരത്തോടെയാണ് നെഹ്റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952ല്‍ ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലായിരുന്നു മത്സരം. ചുണ്ടൻ വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്റു മത്സരാന്ത്യത്തിൽ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽപ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. ഡൽഹിയിലെത്തിയ നെഹ്റു സ്വന്തം കൈയൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വെള്ളത്തിന്റെ മാതൃക അയച്ചു. ഈ മാതൃകയാണ് വിജയികൾക്ക് നൽകുന്ന നെഹ്റു ട്രോഫി.
ആറന്മുള ഉത്രട്ടാതി വള്ളംകളി
പത്തനംതിട്ട ജില്ലയിലെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്നത്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളിലാണ് വള്ളംകളി നടക്കുക. തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്ന് തിരുവാറന്മുള ക്ഷേത്രത്തിലേക്ക് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും കായികക്ഷമതയും കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ജലമേള സംഘടിപ്പിക്കുന്നത്. 48 ചുണ്ടൻ വള്ളങ്ങൾ ഇതിൽ പങ്കെടുക്കും.
പായിപ്പാട് ജലോത്സവം
ചിങ്ങത്തിലെ തിരുവോണം, അവിട്ടം, ചതയം നാളുകളിലായി ആലപ്പുഴ ജില്ലയിലെ പായിപ്പാട് ആറിൽ നടത്തുന്ന ജലോത്സവമാണിത്. ജലോത്സവത്തിെന്റെ അവസാനദിവസമാണ് പ്രസിദ്ധമായ പായിപ്പാട് വള്ളംകളി നടക്കുന്നത്. സമീപഗ്രാമങ്ങളിൽനിന്നുള്ള ചുണ്ടൻ വള്ളങ്ങളാണ് കളിയിൽ പങ്കെടുക്കുക.
ഇന്ദിര ഗാന്ധി വള്ളംകളി
എറണാകുളം ജില്ലയിലെ കൊച്ചി കായലിൽ എല്ലാ വർഷവും ഡിസംബർ അവസാനം നടത്തുന്ന വള്ളംകളിയാണ് ഇന്ദിര ഗാന്ധി വള്ളംകളി. കേരളത്തിലെ വിനോദസഞ്ചാര വികസനംകൂടി ലക്ഷ്യംവെച്ചാണ് ഇത് നടത്തുന്നത്. മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ ഓർമക്കാണ് ഈ ട്രോഫി സമർപ്പിച്ചിരിക്കുന്നത്.
ചമ്പക്കുളം മൂലം വള്ളംകളി
ആറന്മുള കഴിഞ്ഞാൽ ഏറ്റവും പുരാതനമായ വള്ളംകളി. മിഥുനത്തിലെ മൂലം നാളിൽ പമ്പാനദിയിലാണ് ഈ വള്ളംകളി നടക്കുന്നത്.
ചമ്പക്കര വള്ളംകളി
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് ചമ്പക്കര വള്ളംകളി. എറണാകുളം ജില്ലയിലെ ചമ്പക്കരക്കായലിൽ വർഷത്തിലൊരിക്കലാണ് ഈ ജലോത്സവം നടക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി മത്സരം നടന്നുവരുന്നു. കൊച്ചി കോർപറേഷൻ, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ ചേർന്ന് രൂപവത്കരിച്ച ജനകീയ കമ്മിറ്റിയാണ് ജലോത്സവം നടത്തിപ്പുകാർ.
Post Your Comments