തിരുവനന്തപുരം: റെഫ്രിജറേറ്റർ ഉപയോഗിക്കുമ്പോഴും വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി കെഎസ്ഇബി. റെഫ്രിജറേറ്റർ വാങ്ങുമ്പോൾ ആവശ്യത്തിനു മാതം വലിപ്പമുള്ളതും ഊർജ്ജക്ഷമത കൂടിയതുമായ മോഡലുകൾ തെരഞ്ഞെടുക്കണം. നാലു പേർ അടങ്ങിയ കുടുംബത്തിന് 165 ലിറ്റർ ശേഷിയുളള റെഫ്രിജറേറ്റർ മതിയാകും. വലിപ്പം കൂടും തോറും വൈദ്യുതിച്ചെലവും കൂടും എന്ന കാര്യം ഓർക്കുക.
റെഫ്രിജറേറ്ററുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നതിന് ബി.ഇ.ഇ (ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി) സ്റ്റാർ ലേബൽ സഹായിക്കുന്നു. അഞ്ച് സ്റ്റാർ ഉളള 240 ലിറ്റർ റെഫ്രിജറേറ്റർ വർഷം 385 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോൾ രണ്ട് സ്റ്റാർ ഉള്ളവ വർഷം 706 യൂണിറ്റ് ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം ഇല്ലാത്ത പഴയ റെഫ്രിജറേറ്റർ വർഷം 900 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം കൂടുന്തോറും വൈദ്യുതി ഉപയോഗം കുറയുമെന്നർത്ഥം.
കൂടുതൽ സ്റ്റാർ ഉള്ള റെഫ്രിജറേറ്റർ വാങ്ങുന്നതിനുവേണ്ടി ചെലവിടുന്ന അധികതുക തുടർന്നു വരുന്ന മാസങ്ങളിലെ കുറഞ്ഞ വൈദ്യുതി ബില്ലിലൂടെ രണ്ടുമൂന്നു വർഷത്തിനുള്ളിൽ ലാഭിക്കുന്നതിനാൽ വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാകുന്നത്.
റെഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* റെഫ്രിജറേറ്ററിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഇതിനായി ഭിത്തിയിൽ നിന്നും നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം.
* റെഫ്രിജറേറ്ററിന്റെ വാതിൽ ഭ്രദമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുളള റബ്ബർ ബീഡിംഗ് കാലാകാലം പരിശോധിച്ച് പഴക്കം ചെന്നതാണെങ്കിൽ മാറ്റുക.
* ആഹാര സാധനങ്ങൾ ചൂടാറിയതിനു ശേഷം മാത്രം റെഫ്രിജറേറ്ററിൽ വയ്ക്കുക. എടുത്തു കഴിഞ്ഞാൽ തണുപ്പു മാറിയതിനുശേഷം മാത്രം ചൂടാക്കുക.
* കൂടെക്കൂടെ റെഫ്രിജറേറ്റർ തുറക്കുന്നത് ഊർജ്ജനഷ്ടമുണ്ടാക്കും.
* റെഫ്രിജറേറ്റർ കൂടുതൽ നേരം തുറന്നിടുന്നത് ഒഴിവാക്കാനായി ആഹാരസാധനങ്ങൾ അടുക്കോടെയും ചിട്ടയോടെയും ഒരു നിശ്ചിത സ്ഥാനത്ത് വയ്ക്കാൻ ശ്രദ്ധിക്കുക.
* കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ് അനുസരിച്ചും തെർമോസ്റ്റാറ്റ് ക്രമീകരിക്കണം.
* റെഫ്രിജറേറ്ററിൽ ആഹാര സാധനങ്ങൾ കുത്തിനിറച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ചെലവു കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് റെഫ്രിജറേറ്ററിനകത്തെ തണുത്ത വായുവിന്റെ സുഗമമായ സഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുന്നതിനാൽ ആഹാര സാധനങ്ങൾ കേടാകുകയും ചെയ്യും.
* ആഹാര സാധനങ്ങൾ അടച്ചുമാത്രം റ്രഫിജറേറ്ററിൽ സൂക്ഷിക്കുക. ഇത് ഈർപ്പം റെഫ്രിജറേറ്ററിനകത്ത് വ്യാപിക്കുന്നത് തടയുകയും തന്മൂലമുള്ള വൈദ്യുതി നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു.
* ഫ്രീസറിൽ ഐസ് കൂടുതൽ കട്ട പിടിക്കുന്നത് ഊർജ്ജനഷ്ടമുണ്ടാക്കുന്നു. അതിനാൽ നിർമാതാവ് നിർദ്ദേശിചിട്ടുള്ള സമയ ക്രമത്തിൽ തന്നെ ഫ്രീസർ ഡീ ഫ്രോസ്റ്റ് ചെയ്യുക.
Read Also: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍
Post Your Comments