ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ വിമർശിച്ച നടൻ വിനായകന് മറുപടിയുമായി ഹരീഷ് പേരടി. രഞ്ജിത്തിന്റെ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലക്കുള്ള സംസ്ഥാന അവാർഡിലെ ഇടപെടലുകളെയും നിലപാടുകളെയും പറ്റി ചോദിക്കുമ്പോൾ രഞ്ജിത്തിന്റെ സിനിമകളിലെ ഒരു പ്രത്യേക രംഗം എടുത്ത് വിമർശിച്ചാൽ അത് ചോദ്യത്തിനുള്ള മറുപടിയാകുന്നില്ലെന്ന് ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു. വിഷയങ്ങളിൽ നിന്നുള്ള ഒരു സദാചാര ഒഴിഞ്ഞുമാറൽ മാത്രമാണ് വിനായകന്റെ മറുപടിയൊന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രഞ്ജിത്തിന്റെ ലീല എന്ന സിനിമ അഡൽറ്റ് മാഗസിൻ മുത്തുച്ചിപ്പി പോലെയാണെന്ന് വിനായകൻ പരിഹസിച്ചിരുന്നു. താൻ രഞ്ജിത്തിനെയൊക്കെ നേരത്തെ തന്നെ തുടച്ചുകളഞ്ഞതാണെന്നും നടൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതിനുള്ള മറുപടിയാണ് ഹരീഷ് പേരടി തന്റെ ഫേസ്‌ബുക്കിലൂടെ നൽകുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലക്കുള്ള രഞ്ജിത്തിന്റെ സംസ്ഥാന അവാർഡുകളിലെ ഇടപ്പെടലുകളെ പറ്റി വിനായകന്റെ അഭിപ്രായമെന്താണ് എന്ന ചോദ്യത്തിന് ഉത്തരമില്ലെങ്കിൽ അത് മാത്രം പറഞ്ഞാൽ മതിയെന്നും വെറുതെ കിടന്ന് ഉരുളണ്ട എന്നും ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
രഞ്ജിത്തിന്റെ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലക്കുള്ള സംസ്ഥാന അവാർഡിലെ ഇടപെടലുകളെയും നിലപാടുകളെയും പറ്റി ചോദിക്കുമ്പോൾ രഞ്ജിത്തിന്റെ സിനിമകളിലെ ഒരു പ്രത്യേക രംഗം എടുത്ത് വിമർശിച്ചാൽ അത് ചോദ്യത്തിനുള്ള മറുപടിയാകുന്നില്ല..അത് വെറും വിഷയങ്ങളിൽ നിന്നുള്ള ഒരു സദാചാര ഒഴിഞ്ഞുമാറൽ മാത്രമാണ്…അങ്ങിനെയാണെങ്കിൽ ലീല എന്ന ഉണ്ണിR.ന്റെ കഥ സംവിധാനം ചെയ്യ്ത രഞ്ജിത്തിനെ തുടച്ച് മാറ്റുന്നതിനുമുൻപ് ജയിലർ എന്ന സിനിമയിൽ ആസിഡിൽ മനുഷ്യനെ മുക്കി കൊല്ലുന്ന മനുഷ്യവിരുദ്ധ കഥാപാത്രം അവതരപ്പിച്ച വിനയാകനെ ആദ്യം തുടച്ച് മാറ്റേണ്ടിവരും..പൊട്ടത്തരങ്ങൾ കേൾക്കുമ്പോൾ ഇപ്പോൾ ചിരിയും വരുന്നില്ല…സിനിമയെ സിനിമയായി കാണാനും ജീവിതത്തിലെ അഴകൊഴമ്പൻ നിലപ്പാടുകളെ എത്ര ന്യായികരിച്ചാലും അതിനെ കുപ്പ തൊട്ടിയിൽ തള്ളാനും മലയാളിക്കറിയാം…ചോദ്യം ഒരിക്കൽ കൂടി ആവർത്തിക്കുന്നു…ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലക്കുള്ള രഞ്ജിത്തിന്റെ സംസ്ഥാന അവാർഡുകളിലെ ഇടപ്പെടലുകളെ പറ്റി വിനായകന്റെ അഭിപ്രായമെന്താണ്?..ഉത്തരമില്ലെങ്കിൽ അത് മാത്രം പറഞ്ഞാൽ മതി…വെറുതെ കിടന്ന് ഉരുള്ളല്ലെ വിനായകാ…നടനത്തിന് ആശംസകൾ.
Post Your Comments