
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമാണ് ഫ്ലിപ്കാർട്ട്. ഫെസ്റ്റിവൽ സെയിൽ അടക്കമുള്ളവ ഉണ്ടാകുമ്പോൾ പലപ്പോഴും വേഗത്തിൽ സ്റ്റോക്ക് ഔട്ട് ആകാറുണ്ട്. കൂടാതെ, ഇക്കാലയളവിൽ പ്രോഡക്റ്റ് ഡിമാൻഡ് അനുസരിച്ച് വിലയിലും വ്യത്യാസങ്ങൾ വരാം. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി ‘പ്രൈസ് ലോക്ക്’ ഫീച്ചറാണ് ഫ്ലിപ്കാർട്ട് അവതരിപ്പിക്കുന്നത്. ചെറിയൊരു ഡെപ്പോസിറ്റ് തുക നൽകി, നിശ്ചിത വിലയിൽ ഉൽപ്പന്നം റിസർവ് ചെയ്ത് വയ്ക്കാൻ കഴിയുന്നതാണ് പ്രൈസ് ലോക്ക് ഫീച്ചർ.
പ്രൈസ് ലോക്ക് ഫീച്ചർ എത്തുന്നതോടെ ഉപഭോക്താക്കൾക്ക് ആവശ്യമായ പ്രോഡക്ടുകൾ റിസർവ് ചെയ്ത് വയ്ക്കാൻ സാധിക്കും. ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള വാൾമാർട്ട് സംഘടിപ്പിച്ച ഒരു ഇവന്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഫെസ്റ്റിവൽ സീസണുകളിൽ പൊതുവായി സംഭവിക്കാറുള്ള വില വ്യതിയാനം, പ്രോഡക്റ്റ് ഷോർട്ടേജ് എന്നിവയിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക എന്നതാണ് പ്രൈസ് ലോക്ക് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. ഈ ഫീച്ചർ വരാനിരിക്കുന്ന ഫെസ്റ്റിവൽ സീസണുകളിൽ ലഭ്യമാകുമോ എന്നത് സംബന്ധിച്ച സൂചനകൾ ഇതുവരെ ഫ്ലിപ്കാർട്ട് നൽകിയിട്ടില്ല. അധികം വൈകാതെ തന്നെ പ്രൈസ് ലോക്ക് ഫീച്ചർ എത്തുമെന്നാണ് വിലയിരുത്തൽ.
Post Your Comments