രാജ്യത്ത് ധനകാര്യ സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾ നൽകാൻ ഉപഭോക്താക്കൾക്ക് പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്കായി ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ആർബിഐ നിയന്ത്രണത്തിലുള്ള ധനകാര്യസ്ഥാപനങ്ങൾക്കെതിരെ പരാതിയുണ്ടെങ്കിൽ ഈ സ്കീം മുഖാന്തരം പരാതി സമർപ്പിക്കാവുന്നതാണ്. ഉപഭോക്തൃ പരാതികൾ വളരെ എളുപ്പത്തിലും വേഗത്തിലും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്കീം, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ സ്കീം, ഡിജിറ്റൽ ഇടപാടുകൾക്കായുള്ള ഓംബുഡ്സ്മാൻ സ്കീം എന്നിങ്ങനെ മൂന്ന് ഓംബുഡ്സ്മാൻ സ്കീമുകളെ സംയോജിപ്പിച്ചാണ് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീമിന് രൂപം നൽകിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വാണിജ്യ ബാങ്കുകൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ തുടങ്ങിയ ആർബിഐയുടെ നിയന്ത്രണത്തിന് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കെതിരെയും പരാതിയുണ്ടെങ്കിൽ അവ സമർപ്പിക്കാവുന്നതാണ്.
പ്രധാനമായും കാലതാമസം, അമിത നിരക്ക് ഈടാക്കൽ, ധനകാര്യ ഉൽപ്പന്നങ്ങളുടെ തെറ്റായ വിൽപ്പന, വഞ്ചന പോലെയുള്ള സേവനത്തിലെ പോരായ്മകൾ തുടങ്ങിയവയ്ക്കെതിരെ പരാതി നൽകാവുന്നതാണ്. ‘ഒരു രാജ്യം, ഒരു ഓംബുഡ്സ്മാൻ’ എന്ന അടിസ്ഥാനതത്വത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാൽ, ഉപഭോക്താക്കൾക്ക് രാജ്യത്ത് എവിടെ നിന്നും പരാതികൾ ഫയൽ ചെയ്യാവുന്നതാണ്. ഓംബുഡ്സ്മാൻ സേവനം തികച്ചും സൗജന്യമായതിനാൽ, ഉപഭോക്താക്കൾക്ക് ഇതിനായി ഫീസോ പ്രത്യേക നിരക്കുകളോ നൽകേണ്ടതില്ല.
Post Your Comments