Latest NewsNewsIndia

ക്ഷേത്രപൂജാരിമാരായി സ്ത്രീകള്‍, ദ്രാവിഡ മാതൃകയെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ ക്ഷേത്ര പൂജാരിമാരാകുന്നു. കൃഷ്ണവേണി, എസ് രമ്യ, എന്‍ രഞ്ജിത എന്നിവരാണ് പൂജാരിമാരാകാനുള്ള പരിശീലനം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ ക്ഷേത്ര പൂജാരിമാര്‍ക്കായുള്ള പരിശീലനം പൂര്‍ത്തിയാക്കിയവരാണ് ഈ മൂന്നുപേരും. സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ കീഴ്ശാന്തിയായി ഇവരെ ആദ്യം നിയമിക്കും. ഈ ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ ക്ഷേത്ര പൂജാരി പരിശീലനത്തിനായി ആറ് പരിശീലന കേന്ദ്രങ്ങളാണുള്ളത്. എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കും പൂജാരിമാരാകാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാം. ആദ്യമായാണ് സ്ത്രീകള്‍ ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.

Read Also: മന്ത്രിയാകാന്‍ ഗണേഷ് കുമാര്‍ യോഗ്യന്‍, എ.എന്‍ ഷംസീറിനെ മാറ്റാന്‍ ആലോചനയില്ല: നയം വ്യക്തമാക്കി ഇ.പി ജയരാജന്‍

അതേസമയം, സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിക്കുകയും ദേവീ ക്ഷേത്രങ്ങളില്‍ പോലും അവര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് ഈ പരിഷ്‌കാരം നടപ്പാക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് കഴിഞ്ഞതെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു.

‘ പൈലറ്റ്, ബഹിരാകാശ യാത്ര എന്നീ രംഗങ്ങളില്‍ സ്ത്രീകള്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടും ക്ഷേത്രങ്ങളില്‍ അവര്‍ക്ക് അശുദ്ധി കല്‍പ്പിച്ചിരുന്നു. ക്ഷേത്ര പൂജാരിമാരുടെ പദവിയില്‍ നിന്നും അവരെ വിലക്കിയിരുന്നു. എന്നാല്‍ മാറ്റം അനിവാര്യമാണ്. തമിഴ്നാട്ടില്‍ എല്ലാ ജാതിയില്‍പ്പെട്ടവരെയും പൂജാരിമാരായി നിയമിച്ച് സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഈ പദവിയിലേക്ക് സ്ത്രീകളും എത്തുന്നു. സമത്വത്തിന്റെ ഒരു പുതുയുഗമാണ് നമ്മുടെ ലക്ഷ്യം,’ സ്റ്റാലിന്‍ പറഞ്ഞു.

പൂജാരിയായി പരിശീലനം പൂര്‍ത്തിയാക്കിയ എസ് രമ്യ എംഎസ്സി ബിരുദധാരിയാണ്. പരിശീലനം ആദ്യഘട്ടത്തില്‍ വളരെ ബുദ്ധിമുട്ടേറിയ ഒന്നായാണ് തോന്നിയതെന്ന് രമ്യ പറയുന്നു.

ദൈവത്തേയും ജനങ്ങളെയും സേവിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ ജോലി തെരഞ്ഞെടുത്തതെന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുള്ള കൃഷ്ണവേണി പറയുന്നു. രമ്യയും കൃഷ്ണവേണിയും ബന്ധുക്കളാണ്. ഇരുവരുടേയും കുടുംബങ്ങള്‍ ഇവരുടെ തീരുമാനത്തിന് ശക്തമായ പിന്തുണ നല്‍കിയിരുന്നു. ഒരു വര്‍ഷത്തെ പരിശീലനമാണ് ഇവര്‍ക്ക് ലഭിച്ചത്. 3000 രൂപ സ്‌റ്റൈപെന്‍ഡും ഇവര്‍ക്ക് ലഭിച്ചിരുന്നു. ബിഎസ് സി ബിരുദധാരിയായ രഞ്ജിത ഈ ജോലിയോടുള്ള ഇഷ്ടം കൊണ്ടാണ് പരിശീലനത്തിനെത്തിയത്.

അതേസമയം, സനാതന ധര്‍മ്മത്തെപ്പറ്റി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് തമിഴ്നാട് സര്‍ക്കാരിന്റെ പുതിയ നീക്കം. സെപ്റ്റംബര്‍ 3ന് റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ് അസോസിയേഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം. സനാതന ധര്‍മ്മത്തെ കൊറോണ വൈറസ്, മലേറിയ, ഡെങ്കിപ്പനി എന്നിവയുമായി ഉപമിച്ച അദ്ദേഹം സനാതന ധര്‍മ്മത്തെ എതിര്‍ക്കുകയല്ല ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും പറഞ്ഞു. ഇത് സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button