Latest NewsIndiaNews

കേസിനെക്കുറിച്ച് അറിയില്ലെന്നും മാറ്റിവെയ്ക്കണമെന്നും ജൂനിയര്‍ അഭിഭാഷകന്‍, പറ്റില്ലെന്ന് സുപ്രീംകോടതി: അഭിഭാഷകന് പിഴ

ന്യൂഡല്‍ഹി: കേസ് മാറ്റിവെയ്ക്കണമെന്ന് പറയാന്‍ മാത്രമായി ജൂനിയറിനെ കോടതിയിലേക്ക് വിട്ട അഭിഭാഷകന് 2000 രൂപ പിഴ ചുമത്തി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അഭിഭാഷകനെതിരെ നടപടിയെടുത്തത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരാണ് വാദം കേള്‍ക്കാനുണ്ടായിരുന്നത്.

അഭിഭാഷകന് എത്താന്‍ കഴിയാത്തതിനാല്‍ കേസ് മാറ്റിവെയ്ക്കണമെന്ന് ജൂനിയര്‍ സുപ്രീംകോടതിയിലെത്തി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബെഞ്ച് ഈ ആവശ്യം അംഗീകരിച്ചില്ല. നിങ്ങൾക്ക് ഇതുപോലെ നിസ്സാരമായി കാണാനാകില്ലെന്ന് പ്രതികരിച്ച ബെഞ്ച്, ജൂനിയറിനോട് വാദിക്കാന്‍ ആവശ്യപ്പെട്ടു. എന്നാൽ, കേസിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വാദിക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്നും ജൂനിയർ അഭിഭാഷകൻ ബെഞ്ചിനോട് പറയുകയായിരുന്നു.

കേസ് കേൾക്കാൻ ഭരണഘടന തങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ഒരു ബ്രീഫിംഗ് പോലും എടുക്കാതെ സുപ്രീംകോടതിയിൽ വരാൻ കഴിയില്ലെന്നും അഭിഭാഷകനെ വിളിക്കാനും കോടതിയുടെ മുമ്പാകെ ഹാജരാകാനും നിര്‍ദേശിച്ചു.

തുടര്‍ന്ന് വീഡിയോ കോൺഫറൻസിലൂടെ ഹാജരായ അഭിഭാഷകൻ കോടതിയിൽ മാപ്പ് പറഞ്ഞു. പേപ്പറും കേസിനെ കുറിച്ച് അറിവും ഇല്ലാതെ എന്തിനാണ് ജൂനിയറെ കോടതിയിലേക്ക് അയച്ചതെന്ന് ചോദിച്ച കോടതി ഈ രീതിയിൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയില്ലെന്നും ഇത് കോടതിക്കും ഒരു പേപ്പറുമില്ലാതെ ഹാജരാകുന്ന ജൂനിയറിന്‍റെ കരിയറിനും ഒരുപോലെ ദ്രോഹമാണ് ചെയ്യുന്നത് എന്നും വ്യക്തമാക്കി. ഇങ്ങനെയാണോ നിങ്ങള്‍ ജൂനിയര്‍ അഭിഭാഷകരെ പരിശീലിപ്പിക്കുന്നതെന്നും ശക്തമായ ഭാഷയിൽ വിമര്‍ശിച്ചു.

അഭിഭാഷകന്‍ ബാര്‍ അസോസിയേഷനില്‍ 2000 രൂപ അടയ്ക്കണമെന്നും അതിന്‍റെ രസീത് ഹാജരാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button