KeralaLatest NewsNews

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ബിനാമി തട്ടിപ്പുകാരൻ സതീശന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

തൃശ്ശൂര്‍: കരുവന്നൂർ തട്ടിപ്പ് കേസിലെ ബിനാമി തട്ടിപ്പുകാരൻ സതീശന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിലെ സതീശന്‍റെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

അക്കൗണ്ടിലുടെ തുടർ ക്രയവിക്രയങ്ങൾ അരുതെന്ന് ഇഡി കത്ത് നൽകി. സതീശന്‍റെ ഭാര്യ, മകൻ എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളും മരവിപ്പിച്ചു. കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ച സിപിഎം കമ്മീഷൻ അംഗം പികെ ഷാജന്‍റെ ഭാര്യ അയ്യന്തോൾ ബാങ്കിൽ ജീവനക്കാരിയാണ്.

അതേസമയം, കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്‍ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് ഇഡി വീണ്ടും നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിനായി അടുത്ത ചൊവ്വാഴ്ച ഹാജരാകണമെന്നാണ് എസി മൊയ്തീനുള്ള നിര്‍ദ്ദേശം. സ്വത്ത് വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകകള്‍ എന്നിവ പൂര്‍ണ്ണമായി ഹാജരാക്കണം. നേരത്തെ ഹാജരായപ്പോള്‍ മുഴുവന്‍ രേഖകളും കൈമാറാന്‍ മൊയ്തീനിന് കഴിഞ്ഞിരുന്നില്ല.

കൗണ്‍സിലര്‍മാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷന്‍, ജിജോര്‍ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. ബെനാമി ഇടപാടില്‍ പികെ ബിജുവിനും ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നല്‍കും.

കഴിഞ്ഞയാഴ്‌ചയാണ് എസി മൊയ്‌തീന്റെ വീട്ടിൽ ഇഡി റെയ്‌ഡ്‌ നടത്തിയത്. 23 മണിക്കൂറോളം നീണ്ട പരിശോധനയിൽ എസി മൊയ്‌തീന്റെ ഭാര്യയുടേയും മകളുടേയും അക്കൗണ്ടുകൾ ഇഡി പരിശോധിച്ചു. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്തീനാണെന്ന് എൻഫോഴ്സ്മെന്റ് പറഞ്ഞിരുന്നു. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് കൂടുതലായും ലോൺ അനുവദിച്ചത്. പാവപ്പെട്ടവരുടെ ഭൂമി അവർ അറിയാതെ ബാങ്കിൽ പണയപ്പെടുത്തിയെന്നും അന്വേഷണ സംഘം പുറത്ത് വിട്ട വാർത്താക്കുറിപ്പിലുണ്ട്.

എസി മൊയ്‌തീൻ അടക്കമുള്ളവർക്കെതിരെ കൂടുതൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ റെയ്‌ഡിൽ 36 ഇടങ്ങളിലെ സ്വത്ത്‌ കണ്ടെത്തി. ഈ സ്വത്തുക്കൾക്ക് 15 കോടി രൂപയുടെ മൂല്യമാണുള്ളതെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button