Latest NewsKeralaNews

നിപ: ആരോഗ്യവകുപ്പ് ജാഗ്രത പാലിച്ചില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് വേണ്ടത്ര ജാഗ്രത പാലിക്കാത്തതു കൊണ്ടാണ് നിപ ആവർത്തിച്ച് വരുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകികാടിന് ചുറ്റുമുള്ള പേരാമ്പ്രയിലെ പ്രദേശങ്ങളിൽ നിപ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഒരു മുൻകരുതലുമെടുക്കാത്തത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ആമസോണിൽ നിന്നും ക്യാഷ് ഓൺ ഡെലിവെറിക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ഇനി ഇക്കാര്യം ശ്രദ്ധിക്കുക, മാറ്റം ഇങ്ങനെ

നിപ വരാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഓരോ വർഷവും നിരീക്ഷണം ശക്തമാക്കേണ്ടതായിരുന്നിട്ടും ഒന്നും നടന്നില്ല. പ്രതിരോധ പ്രവർത്തനങ്ങളുടെ പരാജയമാണ് രോഗം വീണ്ടും വീണ്ടും വരാൻ കാരണമെന്ന് വ്യക്തമാണ്. പ്രദേശത്തെ പനിയുള്ളവരുടെ സാമ്പിളുകൾ ശേഖരിക്കാൻ പോലും ആരോഗ്യവകുപ്പ് തയ്യാറായില്ല. നിപയെ പ്രതിരോധിക്കാനുള്ള ബാലപാഠം പോലും സർക്കാർ അവലംബിച്ചില്ലെന്നത് ഖേദകരമാണ്. 1967ലെ സ്റ്റാഫ് ക്വോട്ട തന്നെയാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇപ്പോഴുമുള്ളത്. ആരോഗ്യപ്രവർത്തകർ ഇല്ലാത്തതാണ് പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാകാനുള്ള പ്രധാന കാരണം. എൻഎച്ച്എമ്മിന്റെ ആരോഗ്യപ്രവർത്തകരും കേന്ദ്രഫണ്ടും മാത്രമാണ് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്ക് ലഭിക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ആരോഗ്യമേഖലയിൽ വേണ്ടത്ര സ്റ്റാഫുകളെ പോലും നിയമിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

2018ൽ നിപ ആദ്യമായി വന്നപ്പോൾ പ്രഖ്യാപിച്ച തിരുവനന്തപുരം തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോഴും വേണ്ട രീതിയിൽ എത്താത്തത് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് മാത്രമാണ്. പരിശോധനയിലെ കാലതാമസം ഉണ്ടാവാതിരിക്കാൻ കേരളത്തിൽ വൈറോളജി ലാബുകൾ ആവശ്യമാണെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ മൂന്നാം തവണയും പരിശോധനാ ഫലം ലഭിക്കാൻ ഇപ്പോഴും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് നിർഭാഗ്യകരമാണ്. നിപ സ്ഥിരീകരണത്തിന് പൂനെ ലാബിലെ ടെസ്റ്റ് നിർബന്ധമാണെന്ന് ഐസിഎംആർ മാർഗനിർദേശങ്ങളിൽ എവിടെയും പറയുന്നില്ല. എന്നാൽ സംസ്ഥാന ആരോഗ്യമന്ത്രി എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാവുന്നില്ല. നിപ സ്ഥിരീകരണം കേന്ദ്രം കേരളത്തെ അറിയിച്ചില്ലെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണവും ബാലിശമാണ്. സംസ്ഥാന ആരോഗ്യമന്ത്രിക്കില്ലാത്ത പരാതിയാണ് റിയാസിനുള്ളത്. മഹാമാരി നാടിനെ അക്രമിക്കുമ്പോഴും രാഷ്ട്രീയം കളിക്കുകയാണ് സംസ്ഥാന മന്ത്രിമാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘ഗണേഷ് കുമാർ പണത്തിനോടും സ്ത്രീകളോടും ആർത്തിയുള്ള പകൽമാന്യൻ’: ആഞ്ഞടിച്ച് വെള്ളാപ്പള്ളി

shortlink

Related Articles

Post Your Comments

Related Articles


Back to top button