നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാടിലെ എടവലത്ത് മുഹമ്മദലിക്ക് വൈറസ് ബാധയുണ്ടായത് സ്വന്തം തോട്ടത്തില്‍നിന്നാണോയെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ധസംഘം ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുഹമ്മദിന്റെ വീട്, തറവാടുവീട്, പുഴയോരത്തെ തോട്ടം എന്നിവ സന്ദര്‍ശിച്ചു. തോട്ടത്തില്‍ ഉള്‍പ്പെടെ വവ്വാല്‍സാന്നിധ്യം കൂടിയതോതില്‍ ഉള്ളതായി കണ്ടെത്തി. വാഴയും ഈന്തിന്റെ മരങ്ങളുമുണ്ട്.
വീട്ടിലും തറവാട്ടുവീട്ടുവളപ്പിലുമെല്ലാം സപ്പോട്ട, ആപ്പിള്‍ചാമ്പ, റമ്പൂട്ടാന്‍, പപ്പായ തുടങ്ങിയ പഴവര്‍ഗങ്ങളുണ്ട്. വവ്വാല്‍ കടിച്ച അടയ്ക്ക, വാഴക്കൂമ്പ്, പപ്പായ, ആപ്പിള്‍ചാമ്പ എന്നിവ സംഘം ശേഖരിച്ചിട്ടുണ്ട്. വൈറസ് സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്താന്‍ ഇവ പരിശോധനയ്ക്ക് അയക്കും. രോഗലക്ഷണം കാണിക്കുന്നതിന്റെ ദിവസങ്ങള്‍ക്കുമുമ്പ് ഇവിടെനിന്ന് ഒരു കദളിവാഴക്കുല വെട്ടിയിരുന്ന വിവരവും ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം കൃത്യമായി പരിശോധിച്ചുവരുകയാണ് സംഘം. കള്ളാടില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടോം വില്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
സമീപത്തെ വീടുകളില്‍ക്കയറിയും വിവരങ്ങള്‍ ശേഖരിച്ചു. നിപ ബാധിച്ച് മരിച്ച കള്ളാടിലെ എടവലത്ത് മുഹമ്മദലി ഇഖ്‌റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ഹാരിസുമായി സമ്പര്‍ക്കം ഉണ്ടായിരുന്നെന്നും അങ്ങനെയാണ് ഹാരിസ് രോഗബാധിതനായതെന്നുമാണ് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് കണ്ടെത്തിയത്. അത്യാഹിതവിഭാഗത്തില്‍ ഇവര്‍ രണ്ടുമിനിറ്റ് ഒന്നിച്ചുണ്ടായിരുന്നെന്ന കണ്ടെത്തലാണ് പ്രധാനം. തിങ്കളാഴ്ച രാത്രിയോടെയാണ് ഹാരിസിന്റെ മരണം നിപ ബാധിച്ചാണെന്ന് സംശയം ഉയർന്നത്. ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ നാട്ടിൽ പ്രതിരോധ കോട്ടയുയർന്നു.
വിദ്യാലയങ്ങളും കോളേജും മദ്രസകളുമടക്കം തുറന്നില്ല. വീടിനുസമീപത്തായി അടുത്ത ചില ബന്ധുക്കളുണ്ട്. ചില നാട്ടുകാരും ബന്ധുക്കളും വീട്ടിലേക്കുള്ള വഴിയിലും റോഡിലും എത്തി മടങ്ങുകയായിരുന്നു. നിലവിൽ ഹാരിസിന്റെ വീടിനുസമീപത്തെ റോഡരികിലെ കടകളൊന്നും തുറന്നിട്ടില്ല. വീട്ടിൽ ഹാരിസിന്റെ ഭാര്യയും മക്കളും ഉമ്മയുമുണ്ട്. ഇവർ വീട്ടിനുള്ളിൽ ക്വാറന്റീനിലാണ്. ആരോഗ്യപ്രശ്നങ്ങളൊന്നും കുടുംബത്തിന് റിപ്പോർട്ട് ചെയ്തിട്ടില്ല.
മരിച്ച എടവലത്ത് മുഹമ്മദലിയുടെ വീട്ടിൽ ഇപ്പോൾ ആരുമില്ല. ഭാര്യയും മക്കളും കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ഒൻപത് വയസ്സുള്ള മകനും ഭാര്യാ സഹോദരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയുടേയും ഭാര്യാസഹോദരന്റെ പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റേയും പരിശോധനാഫലം നെഗറ്റീവാണ്. മുഹമ്മദലി മരിച്ച സമയത്ത് ഒട്ടേറെപ്പേർ വീട്ടിലും പള്ളിയിലും എത്തിയിരുന്നു. മരണാനന്തരച്ചടങ്ങുകളിലും ഒട്ടേറെപ്പേർ പങ്കെടുത്തു. ഇതാണ് സമ്പർക്ക പട്ടിക നീളാൻ കാരണമായത്. സമ്പർക്കമുണ്ടെങ്കിലും കുടുംബത്തിന് പുറത്തുനിന്നുള്ള മറ്റാർക്കും രോഗലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 90 ഓളം പേർ ഈ സമ്പർക്കപ്പട്ടികയിലുണ്ട്.
Post Your Comments