ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ വെടിവെപ്പിൽ രണ്ട് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഇന്ത്യൻ ആർമി കേണൽ, ഒരു മേജർ, ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്നിവരാണ് വീരമൃത്യു വരിച്ചത്. അനന്ത്‌നാഗ് ജില്ലയിലെ കോക്കർനാഗ് മേഖലയിൽ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരരും സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ആർമി രാജസ്ഥാൻ റൈഫിൾസ് യൂണിറ്റ് കമാൻഡിംഗ് ഓഫീസർ (കേണൽ), കമ്പനി കമാൻഡർ (മേജർ), ജമ്മു കശ്മീർ പോലീസ് ഡിഎസ്പി എന്നിവർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പ്രത്യേക രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ നടത്തിയ ശേഷം സൈന്യത്തെ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു കരസേനാ ഉദ്യോഗസ്ഥർ. ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ്, എഡിജിപി കശ്മീർ വിജയ് കുമാർ എന്നിവരും സൈനിക ഉദ്യോഗസ്ഥരും ഓപ്പറേഷന് മേൽനോട്ടം വഹിച്ചിരുന്നു.
ഭീകരർ ഒളിച്ച് കഴിഞ്ഞിരുന്ന കെട്ടിടത്തിലേക്ക് കയറുന്നതിനിടെ അകത്ത് ഒളിച്ചിരുന്ന 2-3 ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കേണൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് വെടിയേറ്റു. ഇവരെ വിമാനമാർഗം ശ്രീനഗറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ലഷ്‌കറിന്റെ പ്രോക്സിയായ ‘ദ റെസിസ്റ്റൻസ് ഫ്രണ്ടിൽ’ നിന്നുള്ളവരാണ് ഭീകരരെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്.
Post Your Comments