തിരുവല്ല: ഭർത്താവിനെ ഉപേക്ഷിച്ച് കുഞ്ഞുമായി യുവതി കാമുകനൊപ്പം പോയതോടെ വട്ടംകറങ്ങിയത് പോലീസ്. കഴിഞ്ഞദിവസം ഭാര്യയെയും മൂന്ന് വയസ്സുള്ള മകളെയും മാരകായുധങ്ങളുമായിവന്ന സംഘം തട്ടിക്കൊണ്ടുപോയെന്ന തിരുമൂലപുരം സ്വദേശിയുടെ പരാതിയാണ് പൊലീസിനെ വലച്ചത്. ഭാര്യയുടെ ആൺ സുഹൃത്ത് ചെങ്ങന്നൂർ സ്വദേശി പ്രിന്റു പ്രസാദ് സുഹൃത്തുക്കളുമായെത്തി ഭാര്യയേയും മകളേയും തട്ടിക്കൊണ്ടുപോയി എന്നായിരുന്നു യുവാവിന്റെ പരാതി.
ഒരു രാത്രിയും പകൽ ഉച്ചവരെയും പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയെ കണ്ടെത്തിയതോടെയാണ് തട്ടിക്കൊണ്ടുപോകലല്ല, ഒളിച്ചോട്ടമാണ് നടന്നതെന്ന് പൊലീസിന് വ്യക്തമായത്. തിങ്കളാഴ്ച രാത്രി തട്ടുകടയിൽ ഭക്ഷണം കഴിച്ച് സ്കൂട്ടറിൽ മടങ്ങുമ്പോൾ മാരകായുധങ്ങളുമായികാറിലെത്തിയ സംഘം ഭാര്യയെയും മൂന്നു വയസുള്ള മകളെയും തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.
തുടർന്ന് ജില്ലയിലെ പോലീസുകാർ രാത്രി മുഴുവൻ തിരച്ചിൽ നടത്തി.ചൊവ്വാഴ്ച ഉച്ചയോടെ ചെങ്ങന്നൂർ സ്വദേശി പ്രിന്റു പ്രസാദി (32)-നൊപ്പം യുവതിയെയും കുഞ്ഞിനെയും പോലീസ് കണ്ടെത്തി. ചോദ്യംചെയ്യലിൽ യുവതിയും പ്രിന്റുവും വർഷങ്ങളായി അടുപ്പത്തിലാണെന്ന് തിരിച്ചറിഞ്ഞു.
യുവതി തിങ്കളാഴ്ച രാവിലെ മകളുമായി പ്രിന്റുവിനൊപ്പം പോവുകയായിരുന്നു. കുറ്റൂരിലെ സ്വകാര്യ കമ്പനിയിൽ മുമ്പ് ജോലിചെയ്തിരുന്ന ഇരുവരും പലവട്ടം മാസങ്ങളോളം ഒരുമിച്ച് താമസിച്ചിട്ടുണ്ട്. ഏതാനും മാസംമുമ്പ് കണ്ണൂർ ചേളകത്ത് കാമുകനൊപ്പം കഴിയുന്നതിനിടെ പോലീസ് ഇടപെട്ട് ഭർത്താവിന്റെ വീട്ടിലേക്ക് അയച്ചിരുന്നു.
ഭാര്യ സ്വമേധയാ പോയതാണെന്ന് പറഞ്ഞാൽ പോലീസ് ഇടപെടൽ ഊർജിതമാകില്ലെന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയെന്ന പരാതി നൽകിയതെന്നാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്. ചൊവ്വാഴ്ച രാത്രിയോടെ യുവതിയെയും കുട്ടിയെയും കോടതിയിൽ ഹാജരാക്കി. കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യം എന്നറിയിച്ചതോടെ യുവതിയെയും കുഞ്ഞിനെയും പ്രിന്റുവിനൊപ്പം വിട്ടയച്ചു.
തിരുവല്ല തിരുമൂലപുരത്ത് തിങ്കളാഴ്ച്ച രാത്രി 11 നായിരുന്നു സംഭവമെന്നാണ് തിരുമൂലപുരം സ്വദേശിയായ യുവതിയുടെ ഭർത്താവ് പൊലീസിൽ നൽകിയ പരാതി. തന്നെ ബലമായി പിടിച്ചുവെച്ച ശേഷം ഭാര്യയേയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയത് എന്നാണ് ഭർത്താവിന്റെ പരാതി. ഇരുപത്തിമൂന്നുകാരിയായ യുവതിയേയും കുഞ്ഞിനെയം സംഘം തട്ടിക്കൊണ്ടുപോയെന്ന യുവാവിന്റെ പരാതിയിൽ പ്രിന്റു പ്രസാദ് അടക്കമുള്ളവർക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
തിങ്കളാഴ്ച രാത്രി 10.30-ഓടെ തിരുമൂലപുരം കുറ്റൂർപാലത്തിന് സമീപത്തെ തട്ടുകടയിൽനിന്ന് ഭക്ഷണംകഴിച്ച് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവമെന്നാണ് യുവതിയുടെ ഭർത്താവ് പൊലീസിനോട് പറഞ്ഞത്. യുവതിയും ഭർത്താവും കുഞ്ഞും ഭർത്താവിന്റെ സഹോദരിയും രണ്ട് ഇരുചക്രവാഹനങ്ങളിലായാണ് യാത്രചെയ്തിരുന്നത്. ഇതിനിടെയാണ് കാറിലെത്തിയ പ്രതികൾ ബൈക്ക് തടഞ്ഞുനിർത്തി യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.
കാർ റോഡിന് കുറുകെ നിർത്തി ബൈക്ക് തടഞ്ഞുനിർത്തിയ പ്രതികൾ തന്നെ ആദ്യം പിടിച്ചുവെച്ചു എന്നും തുടർന്ന് യുവതിയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ കാറിലേക്ക് കൊണ്ടുപോയെന്നും ഭർത്താവിന്റെ പരാതിയിൽ പറയുന്നു. ഇതിനുപിന്നാലെ അക്രമിസംഘം കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തന്റെ കൂടെ വന്നില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയുമെന്ന് മുഖ്യപ്രതിയായ പ്രിന്റു പ്രസാദ് യുവതിയെ ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയെയും ബലമായി പിടിച്ച് കാറിൽകയറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. അക്രമിസംഘത്തെ എതിർക്കാൻശ്രമിച്ച സഹോദരിയെ മർദിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു.
Post Your Comments