KeralaLatest News

പ്രാർത്ഥനകൾ വിഫലം, മകളുടെ വേദന കണ്ടുനിൽക്കാനാവാതെ മനംനൊന്ത് ജീവനൊടുക്കിയ പിതാവിന്റെ അരികിലേക്ക് കുഞ്ഞ് ദേവു യാത്രയായി

തിരുവനന്തപുരം: ഉത്സവ പറമ്പിലെ തകർപ്പൻ ഡാൻസ് വീഡിയോയിലൂടെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായ പന്ത്രണ്ട് വയസുകാരി ദേവു ചന്ദന ഒടുവിൽ മരണത്തിന് കീഴടങ്ങി. അപൂർവ രോഗബാധയെ തുടർന്ന് നീണ്ട മൂന്നു വർഷത്തെ യാതനകൾക്കൊടുവിലാണ് കുഞ്ഞ് ദേവു ഈ ലോകത്തോട് വിട പറയുന്നത്. ദേവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ നാലാം ദിനം, മകളുടെ വേദന കണ്ടു നിൽക്കാനാവാതെ, പിതാവ് ചന്ദ്രബാബു ആശുപത്രി പരിസരത്ത് ജീവനൊടുക്കുകയായിരുന്നു.

ഡാൻസ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ടെലിവിഷൻ പരിപാടികളിലും ദേവു പങ്കെടുത്തിരുന്നു. സിനിമ- സീരിയൽ രംഗത്ത് നിന്നും നിരവധി അവസരങ്ങൾ ദേവുവിനെ തേടിയെത്തിയിരുന്നു. ഇതിനിടെ, അപ്രതീക്ഷിതമായിട്ടായിരുന്നു കുഞ്ഞിന് രോഗം ബാധിച്ചത്. ആലപ്പുഴ നൂറനാട് സ്വദേശിയായ ചന്ദ്രബാബുവിന്റെയും രജിതയുടെയും മകളാണ് ദേവു.

2020ൽ പെട്ടെന്ന് പനി ബാധിച്ചതോടെ ദേവു കിടപ്പിലായി. പത്ത് ലക്ഷത്തിൽ ഒരാൾക്ക് വരുന്ന അപൂർവ വൈറസ് ബാധയാണെന്ന് ഡോക്ടർമാർ കണ്ടെത്തിയതോടെ സാധാരണക്കാരായ കുടുംബം മകളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളിൽ വ്യാപൃതരായി. ഇതിനിടെ വൈറസ് തലച്ചോറിനെ ബാധിക്കുകയും കുട്ടിയുടെ ബോധം നഷ്ടമാകുകയും ചെയ്തു. ദിവസങ്ങൾക്ക് മുൻപ് വരെ ഓടിക്കളിക്കുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്ന മകളുടെ കിടപ്പ് കാണാനാകാതെ പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രബാബു ജീവനൊടുക്കി.

തുടർന്ന് മകളുടെ ജീവൻ നിലനിർത്താൻ ഒറ്റയ്ക്ക് പോരാടിയ അമ്മ രജിതയോടൊപ്പം ബന്ധുക്കളും നാട്ടുകാരും സുമനസ്സുകളും കൈകോർത്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദേവുവിനെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് രജിതയുടെ വീടായ കൊല്ലം ശൂരനാട് രമ്യ ഭവനത്തിൽ കൊണ്ടു വന്നിരുന്നു.

എന്നാൽ ഒരാഴ്ചയ്ക്ക് മുൻപ് വീണ്ടും രോഗം മൂർച്ഛിച്ചു. വീണ്ടും ആശുപത്രിയിലെത്തിച്ച ദേവുവിന് രണ്ടാഴ്ചത്തെ ചികിത്സ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഒടുവിൽ ചികിത്സ പൂർത്തിയാകുന്നതിന് മുൻപേ ദേവുവിനെ മരണം കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ദേവു പഠിച്ചിരുന്ന നൂറനാട്ടെ സ്കൂളിലും അച്ഛൻ ചന്ദ്രബാബുവിന്റെ വീട്ടിലും ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ച ശേഷം ശൂരനാട്ടെ വീട്ടുവളപ്പിൽ വൈകുന്നേരം 3.00 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.

 

 

shortlink

Post Your Comments


Back to top button