തിരുവനന്തപുരം: ഗുണമേന്മയും വിൽപ്പനസാധ്യതയും കണക്കിലെടുത്ത് ഭിന്നശേഷി വിഭാഗക്കാർ ഉൽപ്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങൾ സർക്കാർ ശൃംഖലകൾ വഴി വിറ്റഴിക്കാൻ എൽഡിഎഫ് സർക്കാർ സഹായിക്കും. മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സപ്ലൈകോയുടെ ഹൈപ്പർ മാർക്കറ്റ് /പീപ്പിൾസ് ബസാർ /സൂപ്പർമാർക്കറ്റ് ശ്രേണിയിലുള്ള വിൽപ്പനശാലകളിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ സപ്ലൈകോയും കുടുംബശ്രീ മിഷനുമായുള്ള കരാറനുസരിച്ച് പ്രത്യേകം റാക്ക് അനുവദിച്ചു നൽകിയിട്ടുണ്ട്. ഈ മാതൃകയിൽ സർക്കാർ, സഹകരണ, സപ്ലൈകോ സ്ഥാപനങ്ങൾ മുഖേന ഭിന്നശേഷിക്കാരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും അവരെ മുഖ്യധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ടു വരാനും സംസ്ഥാന സർക്കാർ നിരവധി ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള വൊക്കേഷണൽ പരിശീലന കേന്ദ്രങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, വികലാംഗക്ഷേമ കോർപ്പറേഷൻ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന വിവിധ എൻജിഒകൾ എന്നിവ വഴി നിരവധി തൊഴിൽനൈപുണ്യ പരിശീലനങ്ങൾ സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്കായി നൽകിവരുന്നുണ്ട്. വീടുകളിൽ ഇരുന്നുകൊണ്ട് ചെയ്യാവുന്ന സ്വയം തൊഴിൽ പരിശീലനങ്ങളും ഇങ്ങനെ നൽകുന്നുണ്ടെന്ന് ബിന്ദു ചൂണ്ടിക്കാട്ടി.
ഭർത്താവ് ഉപേക്ഷിച്ചതോ/ മരണപ്പെട്ടതോ ആയ, തീവ്ര ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളെ സംരക്ഷിക്കേണ്ടി വരുന്നവരായ മാതാവിന്/ സ്ത്രീകളായ രക്ഷിതാവിന് സ്വയം തൊഴിൽ ചെയ്യാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റ് മുഖേന ‘സ്വാശ്രയ’ പദ്ധതിയുടെ കീഴിൽ ഒറ്റത്തവണ ധനസഹായം നൽകി വരുന്നു. കൂടാതെ, വികലാംഗക്ഷേമ കോർപ്പറേഷൻ, എംപ്ലോയിമെന്റ് വകുപ്പ് എന്നിവ മുഖേന ഭിന്നശേഷിക്കാരായവർക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് വായ്പകളും സർക്കാർ നൽകി വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also: വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്: സുപ്രധാന പ്രഖ്യാപനവുമായി ഗതാഗത മന്ത്രി
Post Your Comments