KeralaLatest News

കാൽ ആക്‌സിലറേറ്ററിൽ അമർന്നു പോയതെന്ന് പ്രതി, നടന്നത് ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌തതിലുള്ള പ്രതികാര കൊല

കാട്ടാക്കട: ക്ഷേത്രമുറ്റത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌തതിലുള്ള വൈരഗ്യത്തിൽ പൂവച്ചലിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർഥി ആദിശേഖർ(15) കൊല്ലപ്പെട്ട കേസിലെ പ്രതി പ്രിയരഞ്ജനെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു. പ്രതി ഇതുവരെ കുറ്റം സമ്മതിച്ചില്ല. കാൽ ആക്‌സിലറേറ്ററിൽ അബദ്ധത്തിൽ അമർന്നു പോയതാണെന്നാണ് പ്രതി പോലീസിനോട് തെളിവെടുപ്പ് വേളയിൽ പറഞ്ഞത്. എന്നാൽ ഇത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

മോട്ടോർ വാഹന വകുപ്പും. ഫോറൻസിക് വകുപ്പും വാഹനങ്ങൾ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ കാട്ടാക്കട പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിട്ടുള്ള അപകടത്തിൽപെട്ട ആദിയുടെ സൈക്കിളും അപകടം ഉണ്ടാക്കിയ പലപ്രിയ രഞ്ജന്റെ കാറും മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. സംഭവം നടന്ന സ്ഥലത്തെത്തിയും ഇവർ പരിശോധന നടത്തി. ഉച്ചയോടെയാണ് ഫോറൻസിക് സംഘം എത്തി ഇരു വാഹനങ്ങളും പരിശോധിച്ചത്.

സൈക്കിളിൽ നിന്നും കാറിൽ നിന്നും രക്തക്കറ ഉൾപ്പെടെയുള്ള തെളിവുകളാണ് സംഘം ശേഖരിച്ചത്. സ്റ്റേഷൻ വളപ്പിലുള്ള കാറിന്റെ വിശദ പരിശോധനയ്ക്ക് ശേഷം കാർ സർവീസ് സെൻററിൽ എത്തിച്ച് ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ച് ഉയർത്തിയും വാഹനത്തിന്റെ അടിഭാഗവും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.ഇവിടെ രക്തക്കറ ഉൾപെടെ ശേഖരിച്ചു.ഇരു വകുപ്പും ശേഖരിച്ച തെളിവുകളുടെ റിപ്പോർട്ടുകൾ ഉടൻതന്നെ പോലീസിന് കൈമാറും. കുട്ടിയോട് പ്രതിക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് കുടുംബ ക്ഷേത്രത്തിന് മുന്നിൽ പ്രതി സ്ഥിരമായി മൂത്രമൊഴിക്കുന്നത് കുട്ടി ചോദ്യം ചെയ്‌തിരുന്നു.

ഇതിന്റെ പേരിൽ പ്രതി കുട്ടിയെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആസൂത്രിതമായ കൊലപാതകം നടത്തിയത്. കുടുംബത്തിന് എതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉയർത്തി കുടുംബത്തെ തകർക്കാനും മാനസികമായി പീഡിപ്പിക്കാനും കേസ് വഴി തിരിച്ച് വിടാനും ശ്രമം എന്നാണ് കുടുംബത്തിൻ്റെ പരാതി. കുട്ടിയുടെ അച്ഛൻ അരുൺകുമാർ കാട്ടാക്കട എസ് എച് ഒ ക്ക് പരാതി നൽകി.

ഗൾഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ വാർത്താ ചാനൽ ആണ് പോലീസിനെയും അപകടത്തിൽ മരിച്ച ആദി ശേഖറിൻ്റെ കുടുംബത്തെയും അപകീർത്തി പെടുത്തുന്ന തരത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തുന്നത്. പ്രിയ രഞ്ചൻെറ ഭാര്യ വിദേശത്ത് ജോലിയും ബന്ധവും സ്വാധീനവും ഉപയോഗിച്ചാണ് ഇത്തരത്തിൽ പ്രചരണത്തിന് നേതൃത്വം നൽകുന്നത് എന്നാണു കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. .

shortlink

Related Articles

Post Your Comments

Related Articles


Back to top button