
ഇടുക്കി: യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. പാമ്പാടുംപാറ സ്വദേശി വിജിത്ത് എന്ന ഇരുപത്തി രണ്ടുകാരനാണ് അറസ്റ്റിലായത്. ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമയിലാണ് സംഭവം നടന്നത്. മുണ്ടിയെരുമ ദേവഗിരി സ്വദേശിയായ 21 കാരി ഗീതുവിനെയാണ് ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റ ഗീതുവിനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകിട്ട് യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് കതക് ചവിട്ടിപ്പൊളിച്ചാണ് പ്രതി അകത്ത് കടന്നത്. തുടർന്ന് ഇയാൾ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. എതിർത്തപ്പോഴാണ് വാക്കത്തിയെടുത്ത് ഇയാൾ പെൺകുട്ടിയുടെ കഴുത്തിന് നേരെ വെട്ടിയത്.
ഗീതു കൈ കൊണ്ട് ആക്രമണം തടഞ്ഞപ്പോൾ കൈവിരലുകൾക്ക് പരിക്കേറ്റു. ജീവൻ രക്ഷിക്കാനായി വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഓടിയ ഗീതുവിനെ പ്രതി പിന്തുടർന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
Post Your Comments