
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസിൽ ചോദ്യം ചെയ്യലിനായി മുൻമന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായി. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് മൊയ്തീൻ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. തട്ടിപ്പ് ആസൂത്രണം ചെയ്തവരും വായ്പത്തുക കൈപ്പറ്റിയവരും ഇടനിലക്കാരും സിപിഎം ബന്ധമുള്ളവരും നല്‌കിയ മൊഴികൾ അടിസ്ഥാനമാക്കിയാവും ചോദ്യം ചെയ്യൽ.
‘ഇഡിയെ കാണാൻ വന്നതല്ല, അവർ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ വന്നതാണ്, ഇഡിക്കു മുന്നിൽ ഹാജരാകാൻ വന്നതാണെന്നും’ മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ രണ്ടു തവണ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അസൗകര്യങ്ങൾ പറഞ്ഞ് ഹാജരായിരുന്നില്ല. 10 വർഷത്തെ ആദായ നികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാനും മൊയ്തീനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിൽനിന്ന് ബിനാമികൾക്ക് വ്യാജ വായ്പ അനുവദിക്കുന്നതിൽ എസി മൊയ്തീൻ ഇടപെട്ടുവെന്ന് ഇഡിക്ക് മൊഴി ലഭിച്ചിരുന്നു.
മൊയ്തീനുമായി അടുപ്പമുള്ള തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിഡും ഇഡിക്കു മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്. കേസിൽ അറസ്റ്റിലായ പി സതീഷ് കുമാറാണ് തട്ടിപ്പിന്റെ സൂത്രധാരൻ. ഇയാൾ നടത്തിയ 150 കോടിയോളം രൂപയുടെ വായ്പാത്തട്ടിപ്പിന് ഉന്നതരുടെ ഒത്താശ ലഭിച്ചെന്നാണ് മൊഴികൾ. തട്ടിപ്പിലൂടെ പി സതീഷ് കുമാറിന്റെ കൈവശമെത്തിയ പണത്തിന്റെ വിഹിതം മുൻ എംപി ക്കും ലഭിച്ചുവെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.
Post Your Comments