ന്യൂഡൽഹി: ഇന്ത്യ vs ഭാരത് ചർച്ചയ്ക്കിടയിൽ കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുന്ന ആളുകൾ കാര്യമായ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്ന ആളുകൾ അടിസ്ഥാനപരമായി ചരിത്രത്തെ നിഷേധിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും അവരുടെ പ്രവൃത്തികൾക്ക് വില നൽകേണ്ടിവരുമെന്ന് മനസിലാക്കിയാൽ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിലെ പാരീസിലെ സയൻസസ് പിഒ സർവകലാശാലയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
രാജ്യത്തെ ഇന്ത്യയെന്നോ ഭാരതമെന്നോ വിളിക്കുന്നതിൽ കുഴപ്പമില്ലെങ്കിലും മാറ്റത്തിന് പിന്നിലെ ഉദ്ദേശ്യമാണ് കൂടുതൽ പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പിയും ആർ.എസ്.എസും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുകയാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, രാജ്യത്ത് അത് സംഭവിക്കാതിരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അവകാശപ്പെട്ടു. താഴ്ന്ന, പിന്നാക്ക ജാതിക്കാരുടെ അഭിപ്രായ പ്രകടനവും പങ്കാളിത്തവും മുരടിപ്പിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത് എന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ന്യൂനപക്ഷമായതിനാൽ ആളുകൾ മോശമായി പെരുമാറുന്ന ഒരു ഇന്ത്യ തനിക്ക് വേണ്ട എന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.
‘സ്വന്തം രാജ്യത്ത് അസ്വസ്ഥത അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾ ഉള്ളത് ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യയിൽ 200 ദശലക്ഷം ആളുകൾ അസ്വസ്ഥത അനുഭവിക്കുന്നുണ്ടെങ്കിൽ, സിഖ് സമുദായത്തിൽ നിന്നുള്ള ആളുകൾക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ, സ്ത്രീകൾക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ, അത് ഞങ്ങൾക്ക് ലജ്ജാകരമായ കാര്യമാണ്. അത് തിരുത്തേണ്ടതുണ്ട്’, അദ്ദേഹം പറഞ്ഞു.
Post Your Comments