ചെന്നൈ: തമിഴ്‌നാട്ടിൽ വീട്ടമ്മമാർക്ക് പ്രതിമാസം 1,000 രൂപ വീതം നൽകുന്ന പദ്ധതി 15ന് തുടങ്ങും. പാർട്ടി സ്ഥാപകനും മുൻമുഖ്യമന്ത്രിയുമായ അണ്ണാദുരൈയുടെ ജന്മദിനത്തില്‍ അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി എംകെ. സ്റ്റാലിൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഗുണഭോക്താക്കൾക്ക് അടുത്തമാസം മുതൽ ഒന്നാം തിയതികളിൽ പണം ലഭിക്കും. ഒരു കോടിയോളം വീട്ടമ്മമാർക്കാണ് പദ്ധതിയുടെ പ്രയോജനം.
പദ്ധതിയിലേക്ക് 1.63 കോടി പേരാണ് അപേക്ഷ സമർപ്പിച്ചത്. രണ്ടുഘട്ടമായി സംസ്ഥാനമൊട്ടാകെ പ്രത്യേക രജിസ്‌ട്രേഷൻ ക്യാമ്പുകൾ നടത്തിയാണ് അപേക്ഷ സ്വീകരിച്ചത്. അപേക്ഷകരുടെ വീടുകളിൽ നേരിട്ടെത്തി പരിശോധിച്ച് അനർഹരെ ഒഴിവാക്കിയിരുന്നു.
ഒരു കുടുംബത്തിൽനിന്ന് ഒരാൾക്ക് മാത്രമായിരിക്കും പണം ലഭിക്കുക. 21 വയസ്സാണ് കുറഞ്ഞ പ്രായപരിധി. കുടുംബ വാർഷികവരുമാനം 2.5 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. കുടുംബത്തിന്റെ ഉടമസ്ഥതയിൽ ജലസേചന സൗകര്യമുള്ള അഞ്ചേക്കറിലും ജലസേചന സൗകര്യമില്ലാത്ത 10 ഏക്കറിലും കൂടുതൽ കൃഷിസ്ഥലമുള്ളവരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. കുടുംബത്തിന്റെ വാർഷിക വൈദ്യുതി ഉപഭോഗം 3,600 യൂണിറ്റിൽ താഴെയായിരിക്കണം. ട്രാൻസ്‌ജെൻഡർ വനിതകൾക്കും പദ്ധതിയിൽ അംഗമാകാം.
Post Your Comments