ന്യൂഡൽഹി: 18-ാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. ഒരു തരത്തിലുള്ള തീവ്രവാദവും യു.കെയിൽ അംഗീകരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ഖാലിസ്താന്റെ പേരിലുള്ള തീവ്രവാദമോ അക്രമമോ യു.കെയിൽ അനുവദിക്കില്ലെന്നും, ഖാലിസ്താൻ പ്രശ്നം നേരിടാൻ യു.കെ സർക്കാർ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമയം കിട്ടിയാൽ ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലേക്കുള്ള യാത്ര എപ്പോഴും പ്രിയപ്പെട്ടതാണ് എന്നാണ് അദ്ദേഹം പറയുന്നത്. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യയുടെ മരുമകൻ’ എന്നാണ് താൻ അറിയപ്പെടുന്നതെന്ന് ബ്രിട്ടനിൽ വെച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
‘ഹിന്ദു ആയതിൽ ഞാൻ അഭിമാനിക്കുന്നു. അങ്ങനെയാണ് ഞാൻ വളർന്നത്. അതാണ് ഞാൻ. അടുത്ത രണ്ട് ദിവസത്തേക്ക് ഞാൻ ഇവിടെ ഉണ്ടാകും. ഈ അവസരത്തിൽ സമയം കിട്ടിയാൽ ചില ക്ഷേത്രങ്ങൾ സന്ദർശിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. രാഖി കയ്യിൽ കെട്ടി രക്ഷാബന്ധൻ ആഘോഷിച്ചു. എന്നാൽ, ജന്മാഷ്ടമി ആഘോഷിക്കാൻ സാധിച്ചില്ല. ക്ഷേത്ര ദർശനത്തിലൂടെ അതിന് പരിഹാരം കാണാൻ കഴിയും എന്നാണ് കരുതുന്നത്. ജീവിതത്തിൽ എല്ലാവരേയും സഹായിക്കുന്ന ഒന്നാണ് വിശ്വാസം എന്ന് ഞാൻ കരുതുന്നു. പ്രത്യേകിച്ചും എന്നെപ്പോലെ ഈ സമ്മർദപൂരിതമായ ജോലികൾ ചെയ്യുമ്പോൾ വിശ്വാസം ഒരു കൂട്ടാണ്. നിങ്ങൾക്ക് സഹിഷ്ണുത നൽകാനും നിങ്ങൾക്ക് ശക്തി നൽകാനും വിശ്വാസത്തിന് സാധിക്കും’, സുനക് കൂട്ടിച്ചേർത്തു.
Post Your Comments