തിരുവനന്തപുരം: സമ്പൂർണ സാക്ഷരതയ്ക്കു ശേഷം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദവി നേടുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ലോക സാക്ഷരതാ ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ സൗദി അറേബ്യ, ഐഎസ്ആർഒയുമായി ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും
സാക്ഷരതയുടെ അർത്ഥം സമൂഹിക ആവശ്യങ്ങൾക്കനുസരിച്ച് മാറുകയാണ്. ആദ്യ ഘട്ടത്തിൽ അക്ഷരം പഠിക്കുക എന്നതായിരുന്നു ആവശ്യം. രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ ആദ്യ സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി നമ്മൾ മാറി. ഈ നേട്ടങ്ങളെ നിലനിർത്താനും നമ്മുടെ വിദ്യാഭ്യാസ മേഖലക്ക് സാധിച്ചു. സാങ്കേതിക കാര്യങ്ങളിൽ വലിയ മാറ്റം നടക്കുന്ന കാലത്തു ഡിജിറ്റൽ സാക്ഷരത ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നവകേരള നിർമിതിക്കായി വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവൺമെന്റ് പ്രവർത്തിക്കുന്നത്. അക്ഷരങ്ങളെയും അക്കങ്ങളെയും ചേർത്തു പിടിക്കുക എന്നതാണ് സാക്ഷരതയുടെ സന്ദേശം. സുസ്ഥിരതയുടെയും സമാധനത്തിന്റെയും അടിസ്ഥാനം വിദ്യാഭ്യാസമാണ്. വൈജ്ഞാനിക സമൂഹത്തെ രൂപപ്പെടുത്തുമ്പോൾ നിരക്ഷരത ഇല്ലാതാകണമെന്ന് മന്ത്രി അറിയിച്ചു.
ഡിജിറ്റൽ സാക്ഷരത, ന്യൂ ഇന്ത്യ ലിറ്ററസി, പൗരധ്വനി, ഇ-മുറ്റം തുടങ്ങിയ വൈവിധ്യമാർന്ന പദ്ധതികൾ സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുകയാണ്. സമ്പൂർണ സിജിറ്റൽ സാക്ഷരത പദ്ധതി, വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക സ്ത്രീകളുടെ അസമത്വം ലഘൂകരിക്കുന്നതിന് മഹിളാ സമഖ്യയുമായി ചേർന്ന് നടപ്പിലാക്കുന്ന മുന്നേറ്റം പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 8 ജില്ലകളിലെ പട്ടികജാതി പട്ടികവർഗ പഠിതാക്കളുടെ നിലവാരം മെച്ചപ്പെടുത്തുന്നു. പങ്കാളിത്ത ജനകീയ വികസനത്തിലൂടെ സമൂഹത്തിനാവശ്യമായ സാക്ഷരത പരിപാടികൾ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
എസ് ഇ ആർ ടി ഡയറക്ടർ ഡോ ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എസ് കെ ഡയറക്ടർ ഡോ സുപ്രിയ എ ആർ, എസ് ഇ ആർ ടി ഡയറക്ടർ ബി അബുരാജ്, കോൾ ചെയർമാൻ ഡോ പി പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ ഡോക്ടർ ജെ വിജയമ്മ നന്ദിയും അറിയിച്ചു.
Post Your Comments